തിരുവനന്തപുരം:കെ എസ് ആര് ടി സി യില്‍ ഡ്രൈവര്‍ കം കണ്ടക്ടർമാരെ നിയമിക്കാൻ തീരുമാനം.അപകടരഹിത പൊതു ഗതാഗത സംവിധാനത്തിന്റെ ഭാഗമായാണ് നിയമനം.
ദീര്‍ഘ ദൂര സര്‍വീസുകളിലും അന്തര്‍സംസ്ഥാന സര്വീസുകളിലുമായിരിക്കും ഇവരുടെ സേവനം. ഡി സി എന്ന കേഡര്‍ തസ്തിക സൃഷ്ടിച്ചു കൊണ്ട് ഇന്നലെ ഉത്തരവായി.
ഇന്ത്യയിലെ പല റോഡ് ട്രാൻസ്പോര്‍ട്ട് കോര്‍പറേഷനുകളിലും ഈ സംവിധാനമുണ്ട്. കേരളത്തില്‍ കെ സ്വിഫ്റ്റിലും ചില സ്വകാര്യ ട്രാൻസ്പോര്‍ട്ട് സ്ഥാപനങ്ങളിലും ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തിക നടപ്പാക്കിയിട്ടുണ്ട്.
ഡ്രൈവര്‍മാരുടെ ക്ഷീണം, ഉറക്കമില്ലായ്മ എന്നിവകൊണ്ടുള്ള അപകടങ്ങളാണ് കൂടുതലായുള്ളത്. ഇത് കുറയ്ക്കാൻ ഡിസി സംവിധാനത്തിന് കഴിയും. ഡ്രൈവര്‍മാരുടെ മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിര്‍ത്താനും ഇതുപകരിക്കും.
സര്‍വീസ് നടത്തുന്ന ഒരു ബസില്‍ രണ്ട് ഡിസി മാരുണ്ടാകും. ഇവര്‍ പരസ്പരം സഹകരിച്ച് ബസ് ഓടിക്കുകയും ടിക്കറ്റ് നല്‍കുകയും വേണം. ഇവര്‍ തമ്മിലുള്ള ധാരണയാണ് പ്രധാനം. ഓഗസ്റ്റ് 15 മുതല്‍ ദീര്‍ഘ ദൂര സര്‍വീസുകളിലും അന്തര്‍സംസ്ഥാന സര്‍വീസുകളിലും ഡി സി സംവിധാനം നടപ്പാക്കും.