KeralaNEWS

പാൽനുര ചിതറി പാലരുവി വെള്ളച്ചാട്ടം

കൊല്ലം ജില്ലയില്‍ ആര്യങ്കാവിനടുത്ത് സ്ഥിതി ചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് പാലരുവി വെള്ളച്ചാട്ടം. കൊല്ലം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പാലരുവിക്ക് ഏതാണ്ട് 91 മീറ്റര്‍ ഉയരമുണ്ട്. സഹ്യപര്‍വതനിരകളില്‍പ്പെട്ട രാജക്കൂപ്പ് മലനിരകളില്‍ നിന്നും ഉത്ഭവിച്ച് മുന്നൂറടി പൊക്കത്തില്‍ നിന്നും പാല്‍ ഒഴുകുന്നത് പോലെ വെള്ളം പതഞ്ഞ് താഴേക്ക് പതിക്കുന്നതിനാലാണ് പാലരുവിയ്ക്ക് ഈ പേര് ലഭിച്ചത്.ഉയരത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ വെള്ളച്ചാട്ടങ്ങളിൽ നാല്പതാം സ്ഥാനവും ഇതിനുണ്ട്.
മഞ്ഞുതേരി, കരിനാല്ലത്തിയേഴ്, രാജക്കൂപ്പ് അരുവികള്‍ സംഗമിച്ചാണ് പാലരുവി വെള്ളച്ചാട്ടം രൂപ്പപ്പെടുന്നത്. (കല്ലടയാറിന്റെ തുടക്കം) രാജവാഴ്ചക്കാലം മുതല്‍ തന്നെ ഒരു സുഖവാസകേന്ദ്രമായി പാലരുവി അറിയപ്പെട്ടിരുന്നു. രാജവാഴ്ചയുടെ അവശേഷിപ്പുകളായ കുതിരലായവും ഒരു കല്‍മണ്ഡപവും ഇവിടെ ഇപ്പോഴും നിലനിര്‍ത്തിയിരിക്കുന്നു. ഇവയും സഞ്ചാരികള്‍ക്ക് ഇഷ്ടപ്പെട്ട കാഴ്ചയാണ്. പാലരുവി വെള്ളച്ചാട്ടത്തില്‍ കുളിച്ചാല്‍ അസുഖങ്ങള്‍ ഭേദമാകുമെന്ന് സമീപവാസികള്‍ക്കിടയില്‍ ഒരു വിശ്വാസമുണ്ട്. ഈ വിശ്വാസത്തിനു ശാസ്ത്രീയ അടിത്തറയുമുണ്ട്.
 ഉള്‍വനങ്ങളിലെ ഔഷധസസ്യങ്ങളെ തഴുകി ഒഴുകി വരുന്ന വെള്ളച്ചാട്ടത്തിനു ഔഷധഗുണമുണ്ടാകും എന്നതുതന്നെയാണത്. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ ആയിരക്കണക്കിനു സഞ്ചാരികള്‍ വരുന്ന സ്ഥലമാണിവിടം. വെള്ളച്ചാട്ടവും പരിസരപ്രദേശങ്ങളിലെ അപൂര്‍വ വനങ്ങളും ചേര്‍ന്ന് മനോഹരമായ ഈ പ്രദേശം കൊല്ലത്ത് നിന്നും 75 കിലോമീറ്റര്‍ അകലെയാണ്.

പാലരുവി വെള്ളച്ചാട്ടത്തിന്‍റെ ഏറ്റവും ആകർഷണം എന്നത് ഇതിന്‍റെ അടുത്തേയ്ക്കുള്ള യാത്രയാണ്. പടിക്കെട്ടുകൾ കയറി, പാറക്കൂട്ടങ്ങൾ താണ്ടിയുള്ള യാത്ര ക്ഷീണിപ്പിക്കുമെങ്കിലും വെള്ളച്ചാട്ടത്തിന്റെ കാഴ്ചയും ആ തണുപ്പും പറ്റിയാൽ അതിലൊരു കുളിയും എല്ലാ ക്ഷീണവും മാറ്റുവാൻ പര്യാപ്തമാണ്.

വനം വകുപ്പിന്റെ നേതൃത്വത്തിലാണ് ഇവിടുത്തെ പ്രവർത്തനങ്ങൾ. സ്വകാര്യ വാഹനങ്ങൾക്ക് വെള്ളച്ചാട്ടത്തിനടുത്തേയ്ക്കു വരെ എത്തിച്ചേരുവാൻ അനുമതിയില്ല. പകരം ഓഫീസ് കവാടത്തിൽ നിന്നും വനം വകുപ്പിന്റെ ബസിൽ വെള്ളച്ചാട്ടത്തിനു സമീപത്തെത്തിക്കും. അതിനു മുൻപേ ദേശീയപാതയ്ക്ക് സമീപത്തുള്ള കൗണ്ടറിൽ നിന്നും ടിക്കറ്റ് എടുക്കണം,

Signature-ad

വാൽക്കഷണം:തമിഴ്നാട്ടിലെ തിരുനൽവേലി ജംഗ്ഷനും പാലക്കാട് ജില്ലയിലെ പാലക്കാട് ജംഗ്ഷനും ഇടയിൽ സർവീസ് നടത്തുന്ന ഇന്ത്യൻ റെയിൽവേയുടെ ദിവസേനയുള്ള എക്സ്പ്രസ് ട്രെയിനാണ് പാലരുവി എക്സ്പ്രസ്കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായ പാലരുവിയുടെ പേരാണ് തീവണ്ടിക്കു നൽകിയിരിക്കുന്നത്.

Back to top button
error: