CrimeNEWS

കുന്നംകുളത്ത് പലചരക്ക് കടയുടെ മറവില്‍ നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്‍പ്പന, അറസ്റ്റ്; രണ്ടു ചാക്കുകളില്‍ 67 ബണ്ടിലുകൾ പിടിച്ചെടുത്തു

തൃശൂർ: കുന്നംകുളം ആർത്താറ്റ് ചാട്ടുകുളത്തുനിന്ന് നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം ഗുരുവായൂർ പൊലീസ് പിടികൂടി. ചാട്ടുകുളം സ്വദേശി മണ്ടുംപാൽ വീട്ടിൽ അന്തോണി (86) പലചരക്ക് കടയുടെ മറവിൽ വിൽപ്പന നടത്തിയിരുന്ന നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. ചാട്ടുകുളം കണ്ടപ്പൻ ബസാറിലെ പലചരക്ക് കടയിൽ നിന്നും വീട്ടിൽനിന്നുമായി ഗുരുവായൂർ പൊലീസ് പുകയില ഉത്പന്നങ്ങൾ കണ്ടെത്തുകയായിരുന്നു.

രണ്ടു ചാക്കുകളിൽ 67 ബണ്ടിലുകളിലായിട്ടായിരുന്നു നിരോധിത പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ചിരുന്നത്. മേഖലയിലെ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ലഹരി വസ്തുക്കൾ വിതരണം ചെയ്തിരുന്നതായി നാട്ടുകാർ പറഞ്ഞു. തൃശൂർ സിറ്റി ജില്ലാ പൊലീസ് മേധാവി അങ്കിത്ത് അശോകന്റെ നിർദേശപ്രകാരം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ നടത്തിവരുന്ന പരിശോധനയുടെ ഭാഗമായി ഗുരുവായൂർ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.

Signature-ad

സംഭവത്തിൽ അന്തോണിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതിനുശേഷം ജാമ്യത്തിൽ വിട്ടു. ഗുരുവായൂർ സബ് ഇൻസ്‌പെക്ടർമാരായ ജയപ്രദീപ്, സന്തോഷ്, ശ്രീകൃഷ്ണൻ, സിവിൽ പൊലീസ് ഓഫീസർമാരായ നശീദ്, വി ആർ വിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.

Back to top button
error: