KeralaNEWS

കേരളത്തെ നടുക്കിയ പെരുമണ്‍ ദുരന്തത്തിന് ഇന്ന്‌ 35 വയസ്‌

കൊല്ലം: കേരളത്തെ നടുക്കിയ പെരുമണ്‍ ദുരന്തത്തിനു ഇന്ന്‌ 35 വയസ്‌. 1988 ജൂലൈ എട്ടിന്‌ കൊല്ലം പെരുമണ്‍ പാലത്തില്‍ നിന്ന്‌ ബംഗളൂരു-കന്യാകുമാരി ഐലന്റ്‌ എക്‌സ്‌പ്രസ്‌ പാളം തെറ്റി അഷ്‌ടമുടിക്കായലിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ 105 പേര്‍ മരണപ്പെടുകയും ഇരുന്നൂറിലധികം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്‌തു.
എന്‍ജിന്‍ പെരുമണ്‍ പാലം പിന്നിട്ട്‌ നിമിഷങ്ങള്‍ക്കകം 14 ബോഗികള്‍ അഷ്‌ടമുടിക്കായലിലേക്ക്‌ പതിക്കുകയായിരുന്നു.അപകടം  ടൊര്‍ണാഡോ ചുഴലിക്കാറ്റു മൂലമാണെന്നായിരുന്നു റയിൽവെയുടെ അവകാശവാദം.മുന്‍ വ്യോമസേനാ ഉദ്യോഗസ്‌ഥനായ സി.എസ്‌. നായിക്‌ നടത്തിയ അന്വേഷണത്തിലും ടൊര്‍ണാഡോ എന്ന്‌ അടിവരയിട്ടതോടെ പിന്നെ അന്വേഷണമൊന്നും നടന്നില്ല.
എന്നാൽ യഥാര്‍ഥ കാരണം ഇന്നും അജ്‌ഞാതമാണ്‌.ദുരന്തത്തെക്കുറിച്ചു ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യവും ഫലം കണ്ടില്ല.ഐലന്റ്‌ എക്‌സ്‌പ്രസ്‌ 80 കിലോമീറ്ററിലധികം വേഗതയിലായിരുന്നു. ട്രെയിനിലെ ഓട്ടോമാറ്റിക്‌ സ്‌പീഡ്‌ മീറ്ററില്‍ ഇത്‌ രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു.എന്‍ജിന്‍ പാളം തെറ്റിയത്‌ ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ പെട്ടെന്ന്‌ ബ്രേക്ക്‌ ചെയ്‌തപ്പോള്‍ ബോഗികള്‍ കൂട്ടിയിടിച്ച്‌ അഷ്‌ടമുടിക്കായലിലേക്കു പതിക്കുകയായിരുന്നെന്നാണ് വിവരം.റെയില്‍വേ ഉദ്യോഗസ്‌ഥരുടെ അനാസ്‌ഥയാണ്‌ അപകട കാരണമെന്ന് റയിൽവേ സേഫ്‌റ്റി കമ്മിഷണര്‍ സൂര്യനാരായണന്‍ ആദ്യം തന്നെ പറഞ്ഞിരുന്നു.എന്നാൽ റയിൽവേയിലെ ഉന്നതാധികാരികൾ ഇത് തള്ളുകയായിരുന്നു.

ദുരന്തം നടന്ന ദിവസം പാലത്തിലും സമീപത്തും പാളത്തില്‍ ജോലികള്‍ നടക്കുന്നുണ്ടായിരുന്നു.ടൊർണാഡോ പോയിട്ട് ഒരു ചെറിയ കാറ്റുപോലും ആ സമയങ്ങളിൽ ഇല്ലായിരുന്നുവെന്ന് തൊഴിലാളികൾ പറയുന്നു.മരണപ്പെട്ടവരുടെ ബന്ധുക്കളില്‍ പലര്‍ക്കും അര്‍ഹമായ നഷ്‌ടപരിഹാരത്തുക ലഭിച്ചില്ലെന്ന പരാതി ഇന്നും നിലനില്‍ക്കുന്നു. മരണപ്പെട്ട 17 പേര്‍ക്ക്‌ യഥാര്‍ഥ അവകാശികളില്ലെന്ന കാരണം പറഞ്ഞാണ്‌ റെയില്‍വെ അധികാരികള്‍ നഷ്‌ടപരിഹാരം നിഷേധിച്ചത്.

കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിന്റെ ബാക്കിപത്രമായി ദുരന്തം നടന്ന സ്‌ഥലത്ത്‌ റെയില്‍വേ നിര്‍മിച്ച സ്‌മൃതി മണ്ഡപം മാത്രം തലയുയർത്തി നിൽക്കുന്നു.അതാകട്ടെ വര്‍ഷങ്ങളായി കാടുപിടിച്ചും കിടക്കുകയാണ്‌.

Back to top button
error: