നിരത്തുകളിൽ ആർക്കാണ് മുൻഗണന..?, വാഹനങ്ങൾക്കാണോ കാൽനട യാത്രക്കാരനാണോ…? ടെസ്റ്റ് പാസായി ലൈസൻസ് എടുത്തിട്ടുള്ള ഏതൊരാൾക്കുമറിയാം മുൻഗണന കാൽനട യാത്രക്കാരനാണെന്ന്.എന്നാൽ, സീബ്രാ ലൈനിൽ പോലും കാൽനട യാത്രക്കാരന് ഡ്രൈവർമാർ ഇപ്പോൾ പ്രധാന്യം നൽകാറില്ല.
ഒരു കാൽനട യാത്രക്കാരനായി നിരത്തിലിറങ്ങുമ്പോൾ മുൻഗണന തനിക്കാണെന്ന അവകാശബോധമുള്ളയാൾ വാഹനവുമായി ഇറങ്ങുമ്പോൾ ഇക്കാര്യം മറന്നുപോകാറുണ്ട്. കാൽനടയായോ വാഹനവുമായോ നിരത്തുകളിലിറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് മോട്ടോർ വാഹനവകുപ്പ്.
- സീബ്രാ ക്രോസ്സ് ഉണ്ടെന്നുള്ള റോഡ് സിഗ്നൽ കണ്ടാൽ ഉടനെ വാഹനം വേഗത കുറച്ച് വാഹനം സീബ്രാ ക്രോസ്സിന് മുമ്പായുള്ള Stop ചെയ്യാനുള്ള റോഡ് മാർക്കിംഗിൽ റോഡിന് ഇടത് വശം ചേർന്ന് നിർത്തണം.
- പെഡസ്ട്രിയൻ ക്രോസ്സിംഗിലൂടെ റോഡ് ക്രോസ്സ് ചെയ്യാൻ കാൽനടക്കാരെയും, വീൽ ചെയറിൽ പോവുന്നവരെയും മറ്റും അനുവദിക്കുക.
- ക്രോസ്സിംഗിൽ ആരും തന്നെ ഇല്ലായെങ്കിൽ മാത്രം വാഹനം മുന്നോട്ട് എടുക്കുക.
- യാത്രക്കാർ റോഡ് മുറിച്ച് കടക്കാൻ കാത്തു നിൽക്കുമ്പോഴോ കടക്കുമ്പോഴോ അനാവശ്യമായി പരിഭ്രമിക്കരുത്. തിക്കും തിരക്കും കാട്ടാതിരിക്കുക.അതേപോലെ തോന്നിയിടത്തുകൂടി റോഡ് ക്രോസ് ചെയ്യാതിരിക്കുക.പെഡസ്ട്രിയൻ ക്രോസ്സിംഗില്ലാത്തിടത്ത് ഇരുവശങ്ങളിലേക്കും നോക്കി വാഹനങ്ങൾ ഇല്ലെന്നുറപ്പുവരുത്തി മാത്രമേ റോഡ് മുറിച്ചുകടക്കാവൂ.