CrimeNEWS

ഈയ്യക്കട്ടയ്ക്ക് സ്വര്‍ണം പൂശി ബാങ്കില്‍ പണയം വെച്ചു; ഏഴുലക്ഷം തട്ടിയത് 22 വയസുകാരന്‍

കണ്ണൂര്‍: ഈയ്യക്കട്ടയ്ക്ക് സ്വര്‍ണം പൂശി വ്യാജ സ്വര്‍ണമുണ്ടാക്കി ബാങ്കില്‍ പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത 22കാരനെ തളിപ്പറമ്പ് പോലീസ് വിദഗ്ധമായി പിടികൂടി. പിലാത്തറ പെട്രോള്‍ പമ്പിന് സമീപം താമസിക്കുന്ന തലയില്ലത്ത് ഹവാസ് ഹമീദിനെ (22) യാണ് സ്റ്റേഷന്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എ വി ദിനേശ് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

2018-19 കാലഘട്ടത്തില്‍ തളിപ്പറമ്പിലെ ബാങ്കിലാണ് ഇയാള്‍ സ്വര്‍ണവുമായി എത്തിയത്. ഈയ്യക്കട്ടയ്ക്ക് സ്വര്‍ണം പൂശി സ്വര്‍ണമാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പണയപ്പെടുത്തിയ സ്വര്‍ണം വീണ്ടെടുക്കാനും ഇയാള്‍ വന്നില്ല. സ്വര്‍ണം ലേലത്തില്‍ പോകുമെന്ന് അറിയിച്ച് നോട്ടീസുകള്‍ ബാങ്ക് ഇയാള്‍ക്ക് അയച്ചിരുന്നു. ബാങ്കിനെ കബളിപ്പിച്ച് ഇയാള്‍ ഏഴുലക്ഷം രൂപയാണ് തട്ടിയെടുത്തത്. പിന്നീട് സംശയം തോന്നിയാണ് അപ്രൈസര്‍ സ്വര്‍ണം എടുത്ത് വിശദമായി പരിശോധിച്ചത്.

Signature-ad

രണ്ടിലധികം ലയറുകളിലായാണ് സ്വര്‍ണം പൂശിയത്. അതുകൊണ്ടുതന്നെ ആദ്യ പരിശോധനയില്‍ വ്യാജസ്വര്‍ണമാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ബാങ്കില്‍ നല്‍കിയ രേഖകളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് തട്ടിപ്പ് നടത്തിയ ആളെ കണ്ടെത്തിയത്. ഇയാള്‍ക്ക് ആഭരണം തയ്യാറാക്കി നല്‍കിയവരെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

തളിപ്പറമ്പില്‍ നേരത്തെ വിവിധ ബാങ്കുകളില്‍ ഇത്തരത്തില്‍ മുക്കുപണ്ട സ്വര്‍ണപ്പണയ തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബാങ്കിന്റെ പരാതിയില്‍ മാത്രം വ്യാജ സ്വര്‍ണം പണയപ്പെടുത്തി പണം തട്ടിയ പത്തോളം പേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തിരുന്നു. നേരത്തെ കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.

Back to top button
error: