KeralaNEWS

ദേശീയപാതയിൽ കുതിരാന് സമീപം റോഡ് ഇടിഞ്ഞു താഴ്ന്നു; ഗതാഗതം നിരോധിച്ചു

തൃശൂർ:ദേശീയപാതയിലെ തൃശൂര്‍ കുതിരാനില്‍ കഴിഞ്ഞ ദിവസം വിള്ളല്‍ കണ്ടെത്തിയ ഭാഗം ഇടിഞ്ഞു താഴ്ന്നു. രണ്ട് അടിയോളം ആഴത്തിലാണ് താഴ്ന്നത്.
സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ സര്‍വീസ് റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുതിരാന്‍ തുരങ്കത്തിന് സമീപം വഴുക്കുംപാറയില്‍ വിള്ളല്‍ കണ്ടെത്തിയത്.
വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മന്ത്രി കെ. രാജന്‍റെയും ടി.എൻ പ്രതാപൻ എം.പിയുടെയും സാന്നിദ്ധ്യത്തില്‍ തൃശ്ശൂര്‍ കളക്‌ട്രേറ്റില്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ തീരുമാനിച്ചിരുന്നു. കരാറുകരുടെ ചിലവില്‍ നാല് മാസത്തിനകം ഈ ഭാഗം പൊളിച്ചു നീക്കി പുനര്‍ നിര്‍മ്മിക്കാനായിരുന്നു തീരുമാനം. ഇതിനിടെയാണ് വിളളലുണ്ടായ ഭാഗം രണ്ട് അടിയോളം ഇടിഞ്ഞു താഴ്ന്നത്.
നിലവില്‍ ഒറ്റ വരിയിലൂടെ വാഹന ഗതാഗതം അനുവദിക്കുന്നുണ്ട്. ഭൂമി ഇടിഞ്ഞു താഴ്ന്നതോടെ പ്രദേശത്ത് വൻ അപകട സാധ്യതയെന്നാണ് വിലയിരുത്തൽ.
നിലവിലെ റോഡ് നിര്‍മാണത്തിലെ അപാകം സംബന്ധിച്ച്‌ റോഡ് സുരക്ഷാ അതോറിറ്റി, നാറ്റ്പാക്ക് ഉള്‍പ്പടെയുള്ളവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രവൃത്തികള്‍ അശാസ്ത്രീയമാണെന്ന് കണ്ടെത്തിയിരുന്നു. ഇത് കൂടുതല്‍ സാധൂകരിക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങള്‍. അധികൃതരുടെ അനാസ്ഥയില്‍ ദുരന്തമുണ്ടാകുമോയെന്ന ആശങ്കയിലാണ് ജനങ്ങള്‍.

Back to top button
error: