കാസർകോട്:വി മുരളീധരന് പകരം കെ സുരേന്ദ്രൻ കേന്ദ്ര മന്ത്രിസഭയിലേക്ക് എന്ന് സൂചന.വി മുരളീധരനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് നീക്കം.
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് കേരളത്തില്‍ വ്യാപക അഴിച്ചുപണിക്കാണ് ബിജെപി ശ്രമം.സുരേഷ് ഗോപിയേയും മന്ത്രിസഭയിൽ എടുക്കുമെന്നാണ് സൂചന.ഇ ശ്രീധരന്റെ പേരും ഉയർന്നു കേൾക്കുന്നുണ്ട്.കേരളത്തിൽ കൂടുതൽ മന്ത്രിമാർ ഉണ്ടാകുന്നത് വരുന്ന തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.
തന്നെയുമല്ല, കേരളത്തിൽ ഗ്രൂപ്പു പോരു പരസ്യ പ്രതികരണങ്ങളിലെത്തി നിൽക്കുന്നതും ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയിലുണ്ട്. മൂന്നാംഗ്രൂപ്പിലെ ശോഭാ സുരേന്ദ്രനും പി എം വേലായുധനും പരസ്യമായി രംഗത്തെത്തിയിരുന്നു. വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍, സംസ്ഥാന ട്രഷറര്‍ ജെ ആര്‍ പത്മകുമാര്‍, ദേശീയ കൗണ്‍സില്‍ അംഗങ്ങളായ പി എം വേലായുധന്‍, കെ പി ശ്രീശന്‍ തുടങ്ങിയവരെല്ലാം ഒതുക്കപ്പെട്ടു എന്നൊരു വികാരവും ചിലർ വച്ചുപുലർത്തുന്നു.ഇത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന ഭയവും പാർട്ടിക്കുണ്ട്.
2010 മുതല്‍ 2015-വരെ സംസ്ഥാന ബി ജെ പി പ്രസിഡന്റായിരുന്നു മുരളീധരന്‍.വി മുരളീധരന്റെ കേന്ദ്രത്തിലെ പിടി കാരണം ആ സമയം മറ്റു ഗ്രൂപ്പുകള്‍ കേരളത്തിൽ നിഷ്പ്രഭമായിരുന്നു.എല്ലാവരേയും ഒന്നിച്ചു കൊണ്ടുപോകുക എന്നതാണ് മുരളീധരന്റെ ചുമതല.
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിൽ നിന്നും ആറ് സീറ്റുകളാണ് ബിജെപി പ്രതീക്ഷിക്കുന്നത്.കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേകര്‍ എംപി ഇത് സംബന്ധിച്ച വ്യക്തമായ സൂചനകളും നൽകിയിരുന്നു.അതിന് സംസ്ഥാനത്ത് നിന്നും കൂടുതൽ മന്ത്രിമാരെ സൃഷ്ടിക്കുക എന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്.