റാന്നി: രണ്ടു ദിവസം തിമിര്‍ത്തു പെയ്ത മഴയില്‍ റാന്നിയിലെ ഒട്ടുമിക്ക തോടുകളിലും പമ്പാനദിയിലും വെള്ളമുയര്‍ന്നു. കുരുമ്ബൻമൂഴി, മുക്കം, കോസ്വേകളില്‍ വെള്ളം കയറിയതോടെ ഇതുവഴിയുള്ള യാത്ര തടസ്സപ്പെട്ടിരിക്കുകയാണ്.
പെരുന്തേനരുവി സംഭരണി കവിഞ്ഞു നിറഞ്ഞൊഴുകുകയാണ്. മറുകരയില്‍ റോഡിനോടു ചേര്‍ന്ന കനാലിലും വെള്ളമൊഴുക്ക് ശക്തം. പെരുന്തേനരുവിയില്‍ വൈദ്യുതി വകുപ്പിന്റെ മിനി ഡാം വന്നതിനാല്‍ ഇവിടെനിന്ന് ഉയര്‍ന്നെത്തുന്ന വെള്ളമാണ് കുരുന്പൻമൂഴി കോസ്വേയെ വേഗത്തില്‍ മുക്കിക്കളയുന്നത്. മുക്കം, അരയഞ്ഞാലിമണ്‍ കോസ്വേകളിലും വെള്ളം കയറി.
റാന്നിയില്‍ ഉപാസനക്കടവില്‍ വെള്ളം ഉയര്‍ന്നതിനെത്തുടര്‍ന്ന് വെള്ളപ്പൊക്ക ഭീതിയില്‍ സ്കൂളുകള്‍ മിക്കതും ഇന്നലെ ഉച്ചയോടെ വിട്ടു. റാന്നി-ചെട്ടിമുക്ക്-വലിയകാവ് റോഡിലും ഉച്ചകഴിഞ്ഞതോടെ വെള്ളം കയറി. മാമുക്ക് ചന്തയിലേക്കും വെള്ളംകയറി.
ചെത്തോങ്കരയില്‍ വലിയതോടിനു കുറുകെ പഴയതിലും ഉയരത്തില്‍ പാലം തീര്‍ക്കുകയും തോടിന്റെ ആഴം കൂട്ടുകയും ചെയ്തെങ്കിലും ഇന്നലെ തോട്ടില്‍നിന്ന് പാലത്തിന്റെ ഉപരിതലത്തിനു തൊട്ടരികില്‍വരെ വെള്ളം എത്തി.