KeralaNEWS

ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരംഗുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരംഗുമായി മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. വിനോദസഞ്ചാരം, വ്യാപാരം, നിക്ഷേപങ്ങൾ എന്നിവ അഭിവൃദ്ധിപ്പെടുത്തുന്നതിനായി ഒമാനുമായി കൂടുതൽ സഹകരിക്കാനുള്ള കേരള സർക്കാരിന്റെ സന്നദ്ധത മുഖ്യമന്ത്രി ഇന്ത്യൻ അംബാസഡറെ അറിയിച്ചു.

ഒമാനും കേരളവും തമ്മിലുള്ള ബന്ധത്തിനു സുദീർഘമായ ചരിത്രമുണ്ടെന്നും കേരളത്തിന്റെയും ഒമാന്റെയും അഭിവൃദ്ധിയിൽ ഒമാനിലെ മലയാളി സമൂഹം വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒമാനിലെ നേതാക്കളെയും വ്യവസായികളെയും കേരളം സന്ദർശിക്കാൻ പ്രോത്സാഹിപ്പിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. കേരളവും ഒമാനും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന് വലിയ സാധ്യതകളുണ്ടെന്ന് മുഖ്യമന്ത്രിയുടെ ആവശ്യങ്ങളോട് പ്രതികരിച്ച് അംബാസഡർ പറഞ്ഞു. വ്യവസായ വ്യാപാര മേഖലയിലുള്ളവരടക്കം ഒമാൻ സന്ദർശിക്കുന്ന കാര്യം പരിഗണിക്കണമെന്ന് അംബാസഡർ മുഖ്യമന്ത്രിയോട് പറഞ്ഞു.

Signature-ad

അതേസമയം കേരളത്തിൽ നിന്ന് നേരിട്ട് വിമാന സർവീസ് ആരംഭിക്കുമെന്ന് വിയറ്റ്നാം അംബാസഡർ ന്യൂയെൻ തൻ ഹായ് അറിയിച്ചു. ക്ലിഫ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വിയറ്റ്നാമിലേക്ക് കേരളത്തിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കുന്നത് വിവിധ മേഖലകളിൽ രണ്ട് പ്രദേശങ്ങൾക്കും ​ഗുണകരമാകുമെന്ന് അംബാസിഡർ അഭിപ്രായപ്പെട്ടുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

കൊച്ചിയിൽ നിന്നും വിയറ്റ്നാം സിറ്റിയായ ഹോ ചിമിനിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കുന്നത് വിയറ്റ്നാമുമായുള്ള ബന്ധം ശക്തമാക്കാൻ സഹായിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. സൗത്ത് വിയറ്റ്നാമിലെ ചില പ്രവശ്യകളുമായി കേരളം ഇതിനോടകം തന്നെ ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ബെൻ ട്രെ പ്രവിശ്യാ നേതാക്കൾ കേരളം സന്ദർശിച്ചതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. വിനോദ സഞ്ചാരം, സാമ്പത്തിക രം​ഗം, വ്യാപാരങ്ങൾ തുടങ്ങി വിവിധ മേഖലകൾക്ക് ഇത് കരുത്ത് പകരും.

Back to top button
error: