കൊച്ചി: പി വി ശ്രീനിജിൻ എം എൽ എയെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. സിനിമ നിർമ്മാതാവുമായുള്ള സാമ്പത്തിക ഇടപാടിൻറെ വിവരങ്ങളാണ് ആദായ നികുതി വകുപ്പുദ്യോഗസ്ഥർ ചോദിച്ചതെന്ന് പി വി ശ്രീനിജിൻ എം എൽ എ പറഞ്ഞു. നിർമ്മാതാവ് ആൻറോ ജോസഫിൽ നിന്നും 2015 ൽ അറുപതു ലക്ഷം രൂപ കടമായി വാങ്ങിയിരുന്നുവെന്നും 2022 ൽ ആ പണം തിരികെ നൽകിയിരുന്നുവെന്നും ശ്രീനിജിൻ പറയുന്നു.
സമീപ കാലത്ത് ശ്രീനിജൻ എംഎൽഎ വിവാദങ്ങളിൽ ഉൾപ്പെട്ട സംഭവങ്ങളുണ്ടായിരുന്നു. അതിനിടെയാണ് എറണാകുളം ജില്ലാ ഫുട്ബോൾ അസോസിയഷൻ പ്രസിഡൻറായി ശ്രീനിജനെ തെരഞ്ഞെടുത്തത്. എതിരില്ലാതെയാണ് എംഎൽഎ തെരഞ്ഞെടുക്കപ്പെട്ടത്. ജില്ലാ സ്പോർട്സ് കൗൺസിൽ അദ്ധ്യക്ഷ പദവിയിൽ അടുത്ത തവണ തുടരേണ്ടതില്ലെന്ന സിപിഎം തീരുമാനം നിലനിൽക്കെയാണ് ഫുട്ബോൾ അസോസിയേഷൻ അദ്ധ്യക്ഷ പദവിയിൽ ശ്രീനിജൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്.