LocalNEWS

ഗ്രാമീണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ദീപ മംഗലംഡാമിന്റെ ‘കാലമേ സാക്ഷി’ പ്രകാശനം ചെയ്തു

    കമല സുരയ്യയുടെ സ്മാരണാർത്ഥം ഏർപ്പെടുത്തിയ ഗ്രാമീൺ സംസ്ഥാന ചെറുകഥ മത്സരത്തിൽ സ്പെഷ്യൽ ജ്യൂറി വിഭാഗത്തിൽ പത്മപ്രഭ സാഹിത്യ അവാർഡ് ലഭിച്ച ‘മകളില്ലാ വീട്’ എന്ന ചെറുകഥയടക്കം 13 ചെറുകഥകളും ‘ഓർമ്മപ്പൂക്കളിലെ മഞ്ഞുതുള്ളികൾ’ എന്ന ഒരു ചെറു നോവലുമടങ്ങിയ ‘കാലമേ സാക്ഷി’എന്ന കഥാസമാഹാരത്തിന്റെ പ്രകാശനചടങ്ങ് വടക്കഞ്ചേരി വ്യാപാര ഭവനിൽ നടന്നു. കെ.കെ മോഹനന്റെ അധ്യക്ഷതയിൽ കവിയും കർഷകനും സാമൂഹിക പ്രവർത്തകനുമായ സഹദേവൻ മല്ലുകോട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. അധ്യാപികയും എഴുത്തുകാരിയുമായ വി.കെ ഭാമ ടീച്ചറിൽ നിന്നും എസ്.സി.പി.ഒ റഹിം മുത്തുവും, പ്രശസ്ത കീബോർഡിസ്റ്റ് ഭാസി പൂങ്കാവും ചേർന്ന് പുസ്തകം ഏറ്റുവാങ്ങി.

മാധ്യമ പ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനുമായ ബെന്നി കോടിയാട്ടിൽ പുസ്തകം പരിചയപ്പെടുത്തി. മാധ്യമപ്രവർത്തകൻ ജീജോ അറക്കൽ, കവി രാജീവ്‌ ചുണ്ടൻപറ്റ, അധ്യാപികയായ അഭിജ്ഞ ഡെന്നീസ്, സിദ്ധിഖ് ഇബ്രാഹിം എന്നിവ ആശംസകൾ അർപ്പിച്ചു. സാമൂഹിക പ്രവർത്തകൻ മുഹമ്മദലി സ്വാഗതവും കഥാകൃത്ത് ദീപ നന്ദിയും പ്രകാശിപ്പിച്ചു.

Signature-ad

‘കാലമേ സാക്ഷി’യെക്കുറിച്ച്  അജിത്ത് മാറഞ്ചേരി  അവതാരികയിൽ:

“ഒരു കഥാകാരി വിജയിക്കുന്നത് വായനക്കാർ അത് സ്വന്തം കഥയാണെന്ന ബോദ്ധ്യത്തിൽ അറിയാതെ തന്നെ എത്തിച്ചേരുകയും പാതിവഴിക്ക് ഉപേക്ഷിക്കാതെ പരിപൂർണ്ണമായി വായിക്കുമ്പോഴുമാണ്. ആ ഒരവസ്ഥ നമ്മളിൽ സൃഷ്ടിച്ചെടുക്കാനാവുന്നത് എഴുത്തുകാരി ഈ സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലുകയും തന്റെ ചുറ്റിലും ഉള്ള ജീവിത യഥാർത്ഥ്യങ്ങളെ സ്വന്തം ജീവിതമായി ഉൾകൊള്ളുകയും അത് ഹൃദയത്തിൽ ചേർത്തുപിടിക്കുകയും ചെയ്യുമ്പോഴാണ്. സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളിലുള്ള ആ ഭാവങ്ങൾ താൻപോലുമറിയാതെ ഒരു ഒഴുക്കായി തൂലികത്തുമ്പിലൂടെ അനസ്യൂതം ഒഴുകുമ്പോൾ അതൊരു മഹത്തായ സൃഷ്ടിയായി പരിണമിക്കുകയാണ് ചെയ്യുന്നത്. ദീപയുടെ കഥകൾ അത്തരം അവസ്ഥകളിലൂടെയായാണ് സഞ്ചരിക്കുന്നത്. അതിനാൽത്തന്നെ മികച്ച ഒരു വയനാനുഭവമാണ് ഈ കഥകൾ പ്രദാനം ചെയ്യുന്നതെന്ന് നിസ്തർക്കം പറയാം.
ദീപയുടെ ഓരോ കഥയും ഇതിനുള്ള ദൃഷ്ടാന്തങ്ങളാണ്. അത് വായനക്കാരന്റെ മനസ്സിനെ കുറച്ചൊന്നുമല്ല പിടിച്ചുകുലുക്കുന്നത്. നമ്മുടെ ഹൃദയത്തിൽ വല്ലാത്തൊരു വിങ്ങൽ, മൂല്യച്യുതികളോടുള്ള അടങ്ങാത്ത ധാർമികരോഷം ഇവയെല്ലാം പകർന്ന് നൽകികൊണ്ടാണ് ഓരോ കഥയും കടന്നുപോകുന്നത്. ഇതോടൊപ്പം ഇന്നത്തെ സമൂഹത്തിൽ ജീവിക്കുമ്പോൾ എല്ലാവരും എടുക്കേണ്ട കരുതലുകളെക്കുറിച്ചുള്ള ഒരു മുന്നറിയിപ്പും കഥാകാരി നമുക്ക് നൽകുന്നുണ്ട്.”

‘കാലമേ സാക്ഷി’ ആവശ്യമുള്ളവർ കഥാകൃത്തിനെ നേരിട്ടു വിളിക്കുക:
Mobile number: 9746557696

Back to top button
error: