KeralaNEWS

ആര് രക്ഷിക്കും ഈ‌ കുരുന്നുകളെ? സംസ്ഥാനത്തെ മൂന്ന് സ്കൂളുകളിൽ മരം വീണ് അപകടം;ഒരാൾ മരിച്ചു, രണ്ടു പേർക്ക് ഗുരുതര പരിക്ക്

കൊച്ചി:സംസ്ഥാനത്തെ മൂന്ന് സ്കൂളികളിൽ മരം വീണ് അപകടം.സംഭവത്തിൽ ഒരാൾ മരിക്കുകയും രണ്ടു പേർക്ക് ഗുരുതര പരിക്ക് ഏൽക്കുകയും ചെയ്തു.
കാസര്‍കോട്, എറണാകുളം, ആലപ്പുഴ ജില്ലകളിലായി 3 സ്കൂളുകളിലാണ് തിങ്കളാഴ്ച കനത്ത മഴ ദുരിതം വിതച്ചത്. ഇതില്‍ കാസര്‍കോട് സ്കൂള്‍ കോമ്ബൗണ്ടില്‍ മരം വീണ് വിദ്യാര്‍ഥിനി മരിക്കുകയും മറ്റൊരു കുട്ടിക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. എറണാകുളത്തും ആലപ്പുഴയിലുമാണ് മറ്റ് രണ്ടു സംഭവങ്ങൾ.ഇവിടെ വലിയ ദുരന്തം തലനാരിഴക്കാണ് ഒഴിവായത്.
കാസര്‍കോട് അംഗടിമുഗറില്‍  സ്കൂള്‍ കോമ്ബൗണ്ടിലെ മരം വീണ് വിദ്യാര്‍ഥിനിക്ക് ജീവൻ നഷ്ടമായി. അംഗടിമുഗര്‍ ഗവണ്‍മെന്‍റ് ഹയര്‍സെക്കണ്ടറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി ആയിഷത്ത് മിന്‍ഹയാണ് മരിച്ചത്. 11 വയസുള്ള കുട്ടിയാണ് അപകടത്തില്‍ മരിച്ച ആയിഷത്ത്. ഇവിടെ നടന്ന അപകടത്തില്‍ പരിക്കേറ്റ പെര്‍ളാട സ്വദേശിനി രിഫാനയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകുന്നേരം സ്കൂള്‍ വിട്ട ഉടനെയാണ് അത്യാഹിതം. ബസിനടുത്തേക്ക് പോകാനായി മിന്‍ഹയും രിഫാനയും സ്കൂളിലെ പടിക്കെട്ടുകള്‍ ഇറങ്ങുമ്ബോള്‍  മരം കടപുഴകി വീഴുകയായിരുന്നു.
കൊച്ചി സെന്‍റ് ആല്‍ബര്‍ട്സ് സ്കൂള്‍ ഗ്രൗണ്ടിലെ തണല്‍ മരത്തിന്റെ കൊമ്ബൊടിഞ്ഞു വീണാണ് അഞ്ചാം ക്ലാസ് വിദ്യാഥിക്ക് ഗുരുതരമായി പരിക്കേറ്റത്. ബോള്‍ഗാട്ടി തേലക്കാട്ടുപറമ്ബില്‍ സിജുവിന്റെ മകന്‍ അലന് (10) തലയോട്ടിക്കാണ് പൊട്ടലേറ്റത്. വൈകീട്ട് 4 മണിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ അലൻ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സ്‌കൂള്‍ വിട്ട് കുട്ടികള്‍ പുറത്തേക്ക് വരുന്ന സമയത്ത് വീശിയ കാറ്റില്‍ സ്‌കൂള്‍ ഗ്രൗണ്ടിലുള്ള മരത്തിന്റെ കൊമ്ബ് ഒടിഞ്ഞു വീഴുകയായിരുന്നു.
ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്കൂള്‍ കെട്ടിടത്തിന്റെ മുകളിലേക്ക് ആല്‍ മരം കടപുഴകി വീണാണ് അപകടമുണ്ടായത്. പള്ളിപ്പാട് വഴുതാനം ഗവ. യുപി സ്കൂളിന്റെ മുകളിലേക്കാണ് മുറ്റത്തുനിന്ന കൂറ്റൻ ആല്‍മരം കടപുഴകി വീണത്. ആര്‍ക്കും പരിക്കില്ല. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ഓഫീസ് റൂമും ക്ലാസ് മുറികളും പ്രവര്‍ത്തിക്കുന്ന പ്രധാന കെട്ടിടത്തിന്റെ മുകളിലേക്കാണ് മരം വീണത്. ഓട് പാകിയിരുന്ന മേല്‍ക്കൂരയും ഓഫീസ് മുറിയും ഫര്‍ണ്ണിച്ചറുകളും തകര്‍ന്നു. കുട്ടികളും അധ്യാപകരും ക്ലാസ് മുറികളില്‍ ആയിരുന്നതിനാലാണ് വൻ അപകടം ഒഴിവായത്.

Back to top button
error: