നോയിഡ: ഓണ്‍ലൈൻ ഗെയിമായ ‘പബ്ജി’ വഴി പരിചയപ്പെട്ട യുവാവിനെത്തേടി പാകിസ്താൻ സ്വദേശിനിയായ യുവതി തന്റെ കുട്ടികളോടൊപ്പം ഇന്ത്യയിലെത്തി.
ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയെയും കുട്ടികളെയും വാടകവീട്ടില്‍ താമസിപ്പിച്ച യുവാവിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
20 വയസിന് താഴെയുള്ള യുവതിയും യുവാവും തമ്മില്‍ പബ്ജി കളിയിലൂടെയാണ് പരിചയപ്പെട്ടത്. ഇത് പിന്നീട് സൗഹൃദത്തിലേക്ക് മാറുകയായിരുന്നെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.ഒടുവിൽ ഭർത്താവിനെ ഉപേക്ഷിച്ച് നാലു കുട്ടികൾക്കൊപ്പം യുവതി ഇന്ത്യയിലെത്തുകയായിരുന്നു.
കസ്റ്റഡിയിലെടുത്ത യുവതിയെയും യുവാവിനെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്.കഴിഞ്ഞമാസം അവസാനമാണ് നേപ്പാള്‍ വഴി യുവതി കുട്ടികളെയും കൊണ്ട് ഇന്ത്യയിലേക്ക് കടന്നത്. നോയിഡയിലേക്ക് ബസ് വഴിയാണ് എത്തിയതെന്ന് ചോദ്യം ചെയ്യലിൽ യുവതി പൊലീസിനോട് പറഞ്ഞു. ഗ്രേറ്റര്‍ നോയിഡയിലെ റബുപുര മേഖലയില്‍ താമസിക്കുന്ന യുവാവിന്റെ വാടക വീട്ടിലാണ് യുവതിയും മക്കളും താമസിച്ചിരുന്നതെന്നും പൊലീസ് പറയുന്നു.