BusinessTRENDING

യോനോ ആപ്പിൽ പുത്തൻ പരിഷ്കാരവുമായി എസ്‌ബിഐ; യുപിഐ ഫീച്ചറുകളും ലഭ്യമാകും

മുംബൈ: നവീകരിച്ച ഡിജിറ്റൽ ബാങ്കിംഗ് ആപ്ലിക്കേഷൻ പുറത്തിറക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എസ്ബിഐയുടെ ഡിജിറ്റൽ ബാങ്കിംഗ് ആപ്ലിക്കേഷനായ യോനോയുടെ പുതിയ പതിപ്പായ ‘യോനോ ഫോർ എവരി ഇന്ത്യൻ’ ആപ്പാണ് പുറത്തിറക്കിയത്. ഇനി മുതൽ എസ്ബിഐയുടെ ഉപഭോക്താക്കൾക്ക് സ്കാൻ ചെയ്ത് പണമടയ്ക്കുക, കോൺടാക്റ്റുകൾ വഴി പണം നൽകുക, പണം അഭ്യർത്ഥിക്കുക തുടങ്ങിയ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) ഫീച്ചറുകളും ലഭ്യമാകും.

2017 ലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഡിജിറ്റൽ ബാങ്കിംഗിനായി യോനോ ആപ്പ് പ്രവർത്തനമാരംഭിച്ചത്. നിലവിൽ സ്റ്റേറ്റ് ബാങ്കിന്റെ ഉപഭോക്താക്കൾക്ക് ഡിജിറ്റൽ ബാങ്കിംഗ് ഉൾപ്പെടെയുള്ള ഇ-കൊമേഴ്‌സ് സേവനങ്ങൾ ഈ ആപ്പിലൂടെ ലഭ്യമാണ്. നിലവിൽ യോനോയ്ക്ക് 6 കോടിയിലധികം രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ എസ്ബിഐയിൽ 78.60 ലക്ഷം സേവിംഗ്സ് അക്കൗണ്ടുകൾ യോനോ വഴി ഡിജിറ്റലായി തുറന്നിട്ടുണ്ട്. യോനോ ആപ്പിന്റെ നവീകരിച്ച പതിപ്പ് മറ്റ് ബാങ്കുകളുടെ ഉപഭോക്താക്കളെ യോനോയിലേക്ക് തിരിയാൻ പ്രേരിപ്പിക്കും, അതുവഴി അനുദിനം വളരുന്ന എസ്ബിഐ കുടുംബത്തിന്റെ ഭാഗമാകാൻ അവർ ആഗ്രഹിക്കുമെന്ന് എസ്ബിഐ പ്രസ്താവനയിൽ പറഞ്ഞു.

68-ാമത് ബാങ്ക് ദിനാചരണത്തിന്റെ ഭാഗമായി, എസ്‌ബിഐയുടെയും മറ്റ് ബാങ്കുകളുടെയും ഉപഭോക്താക്കൾക്ക് സേവനം നൽകുന്ന ഇന്റർഓപ്പറബിൾ കാർഡ്‌ലെസ് ക്യാഷ് പിൻവലിക്കൽ (ഐസിസിഡബ്ല്യു) സൗകര്യങ്ങളും എസ്ബിഐ ആരംഭിച്ചു. ‘യുപിഐ ക്യൂ ആർ ക്യാഷ്’ പ്രവർത്തനം ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ഏത് ബാങ്കിന്റെയും ഐസിസിഡബ്ല്യു അനുവദിച്ച എടിഎമ്മുകളിൽ നിന്ന് പരിധിയില്ലാതെ പണം പിൻവലിക്കാം. എടിഎം സ്‌ക്രീനിൽ പ്രദർശിപ്പിച്ചിരിക്കുന്ന സിംഗിൾ യൂസ് ഡൈനാമിക് ക്യുആർ കോഡിലൂടെ ഇടപാടുകൾ പ്രോസസ്സ് ചെയ്യും. കൂടാതെ, ഉപയോക്താക്കൾക്ക് അവരുടെ യുപിഐ ആപ്ലിക്കേഷനിൽ ലഭ്യമായ സ്കാൻ, പേ ഫീച്ചർ ഉപയോഗിച്ച് പണം പിൻവലിക്കാൻ സൗകര്യമുണ്ട്.

Back to top button
error: