KeralaNEWS

പനിച്ച് വിറച്ച് കേരളം; ഇന്ന് ചികിത്സ തേടിയത് 12,694 പേർ; എലിപ്പനി പ്രത്യേകം ശ്രദ്ധിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് പനി പടരുന്നു. ഡെങ്കിപ്പനി, എലിപ്പനി കേസുകള്‍ക്ക് കുറവില്ല. പനി ബാധിച്ച് ഇന്ന് 12,694 പേരാണ് ചികിത്സ തേടിയത്. 55 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 250 പേര്‍ക്ക് ഡെങ്കിപ്പനി ലക്ഷണങ്ങളുമുണ്ട്. മൂന്ന് പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. 21 പേര്‍ക്കാണ് എലിപ്പനിയും ലക്ഷണമുള്ളത്. 46 പേർക്ക് ചിക്കൻപോക്സും സ്ഥിരീകരിച്ചിട്ടുണ്ട്.

എലിപ്പനി പ്രത്യേകം ശ്രദ്ധിക്കണം: മണ്ണ്, ചെളി, മലിനജലം എന്നിവയുമായി ഇടപെടുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. ആശുപത്രികള്‍ക്ക് ചികിത്സാ പ്രോട്ടോകോളും എസ്.ഒ.പി.യും നല്‍കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സുരക്ഷാ സാമഗ്രികള്‍ ഉറപ്പ് വരുത്തണം.ഡെങ്കിപ്പനി വ്യാപനം തടയാന്‍ തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഉറവിട നശീകരണം ശക്തമാക്കണം. ആശുപത്രികളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. ട്രോളിംഗ് നിരോധനത്തെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരിക്കുന്ന ബോട്ടുകളിലെ ടയറുകളില്‍ വെള്ളം കെട്ടിനില്‍ക്കാതെ ശ്രദ്ധിക്കണം. തോട്ടം മേഖലകളും പ്രത്യേകം ശ്രദ്ധിക്കണം. വീടും പരിസരവും ആഴ്ചയിലൊരിക്കല്‍ ശുചിയാക്കുന്നത് വഴി കൊതുകിന്‍റെ  സാന്ദ്രത കുറക്കാനും ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ മഴക്കാല രോഗങ്ങളെ കുറക്കാനും കഴിയുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

Back to top button
error: