KeralaNEWS

വെബ്സൈറ്റ് വഴി പരിചയപ്പെട്ട യുവതിയില്‍നിന്ന് വിവാഹവാഗ്ദാനം നല്‍കി 13 ലക്ഷം രൂപ തട്ടിയയാള്‍ അറസ്റ്റില്‍

കോഴിക്കോട്: വിവാഹപരസ്യം നല്‍കുന്ന വെബ്സൈറ്റ് വഴി പരിചയപ്പെട്ട യുവതിയില്‍നിന്ന് വിവാഹവാഗ്ദാനം നല്‍കി 13 ലക്ഷം രൂപ തട്ടിയയാള്‍ അറസ്റ്റില്‍.

കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശി മുഹമ്മദ് നംഷീറിനെയാണ് (32) കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ യുവതിയെ ദുബൈയില്‍ എൻജിനീയറാണെന്ന് ഇയാള്‍ വിശ്വസിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് വിദേശ മൊബൈല്‍ നമ്ബറില്‍നിന്ന് വാട്സ് ആപ്പില്‍ ബന്ധപ്പെട്ട് ചില കേസില്‍പെട്ടെന്നും അതൊഴിവാക്കാൻ പണം വേണമെന്നും ആവശ്യപ്പെട്ടു. ഇതോടെ പല തവണയായി യുവതി 13 ലക്ഷം രൂപ കൈമാറി. രണ്ടാം വിവാഹത്തിന് മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന യുവതികളെ പ്രതി നേരത്തെയും കബളിപ്പിച്ചെന്നും ഇത്തരത്തിലുള്ള രണ്ടുപേരെ വിവാഹം കഴിച്ചെന്നും പൊലീസ് പറഞ്ഞു. പരിചയപ്പെടുന്ന യുവതികളുടെ വിഡിയോ വാട്സ് ആപ് വഴി ശേഖരിച്ച്‌ ഭീഷണിപ്പെടുത്തി പണം തട്ടുന്നതായും കണ്ടെത്തിയിട്ടുണ്ട്.

സൈബര്‍ ക്രൈം പൊലീസ് ഇൻസ്പെക്ടര്‍ ദിനേശ് കോറോത്തും സംഘവും പരാതിക്കടിസ്ഥാനമായ മാട്രിമോണിയല്‍ സൈറ്റില്‍നിന്നുള്ള വിവരങ്ങളും ഫോണ്‍ കാളുകളും സമൂഹമാധ്യമ അക്കൗണ്ടുകളും പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. വിദേശത്തുനിന്ന് തിരിച്ചെത്തി ബംഗളൂരുവില്‍ വ്യാജ വിലാസത്തില്‍ താമസിക്കുമ്ബോഴാണ് അറസ്റ്റ്.

Back to top button
error: