പാരീസ്: ഫ്രാന്‍സില്‍ കൗമാരക്കാരന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ കലാപത്തിനിടെ സാമൂഹികവിരുദ്ധര്‍ അഴിഞ്ഞാടുന്നു. മോഷണശ്രമത്തിനിടെ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍നിന്നു വീണ യുവാവ് മരച്ചു. വടക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ അതിക്രമിച്ചുകയറാന്‍ ശ്രമിക്കുന്നതിനിടെ മേല്‍ക്കൂരയില്‍നിന്ന് യുവാവ് താഴേക്ക് വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 20 വയസുകാരനായ യുവാവ് ഉച്ചയോടെ മരിച്ചു.
കലാപം രൂക്ഷമായി തുടരുന്നതിനിടെ പ്രതിഷേധക്കാര്‍ വ്യാപാരസ്ഥാപനങ്ങളും ബാങ്കുകളും കൊള്ളയടിച്ചു. ഫ്രാന്‍സിന്റെ ചില ഭാഗങ്ങളില്‍ ബാങ്കുകള്‍ കേന്ദ്രീകരിച്ച് ആക്രമണം തുടരുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും പ്രതിഷേധക്കാര്‍ തീയിട്ടു. പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ രാജ്യത്ത് ഒറ്റരാത്രികൊണ്ട് 667 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മനിന്‍ പറഞ്ഞു.
അള്‍ജീരിയന്‍ – മൊറോക്കന്‍ വംശജനായ നഹെല്‍ എന്ന പതിനേഴുകാരനെയാണ് പോലീസ് വെടിവച്ച് കൊന്നത്. നെഞ്ചില്‍ വെടിയേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോലീസ് നടത്തിയ വെടിവെപ്പില്‍ യുവാവ് കൊല്ലപ്പെട്ട വാര്‍ത്ത പുറത്തുവന്നതോടെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. പോലീസിന് നേരെ നഹെല്‍ വാഹനമോടിച്ച് കയറ്റാന്‍ ശ്രമം നടത്തുകയായിരുന്നുവെന്ന് പോലീസ് ആരോപിച്ചു. എന്നാല്‍, സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പോലീസിന്റെ വാദം വ്യാജമാണെന്ന് വ്യക്തമായതോടെ കലാപം കത്തിപ്പടരുകയായിരുന്നു. ആളുകള്‍ ശാന്തരാകണമെന്നും പ്രതിഷേധം അവസാനിപ്പിക്കണമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ വ്യക്തമാക്കിയിരുന്നു.