KeralaNEWS

ക്വാറി നടത്താന്‍ 2 കോടി കപ്പം; സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഫോണ്‍ സംഭാഷണം പുറത്ത്

കോഴിക്കോട്: പരാതിയില്ലാതെ കരിങ്കല്‍ ക്വാറി നടത്താന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി 2 കോടി രൂപ ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണം പുറത്ത്. തന്റെയും മറ്റൊരാളുടെയും വീടുകള്‍ ക്വാറിക്കാര്‍ക്ക് കൈമാറുന്നതിനും നിലവിലുള്ള പരാതികള്‍ പിന്‍വലിക്കുന്നതിനുമാണ് 2 കോടി രൂപ ആവശ്യപ്പെടുന്നത്. മങ്കയം ബ്രാഞ്ച് സെക്രട്ടറി വി.എം.രാജീവന്റെ പേരിലാണ് സംഭാഷണം.

13 അംഗങ്ങളുള്ള ബ്രാഞ്ച് കമ്മിറ്റിയാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും തനിക്ക് ഒഴിഞ്ഞു മാറാനാകില്ലെന്നും ചര്‍ച്ചകള്‍ ഉയരുന്ന ഘട്ടത്തിലെല്ലാം വിവരങ്ങള്‍ ക്വാറി ഉടമയെ അറിയിച്ചിരുന്നതായും സംഭാഷണത്തില്‍ പറയുന്നു. അന്ന് ക്വാറി കമ്പനി ഇടപെടാതിരുന്നതിനാലാണ് പാര്‍ട്ടി വിജിലന്‍സിനു പരാതി നല്‍കിയതെന്നും വ്യവസ്ഥകള്‍ അംഗീകരിച്ചാല്‍ ക്വാറി നടത്തിപ്പിനു ഒരു പ്രയാസവും ഉണ്ടാകില്ലെന്നും പറയുന്നുണ്ട്.

Signature-ad

പാര്‍ട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രേഖകള്‍ ആവശ്യപ്പെട്ട് വിജിലന്‍സ് വിളിച്ചപ്പോള്‍ ക്വാറിക്ക് ബുദ്ധിമുട്ട് ഇല്ലാതിരിക്കാന്‍ താന്‍ ഒഴിഞ്ഞു മാറി. ഇത് ഉദ്യോഗസ്ഥരില്‍ സംശയം ഉണ്ടാക്കിയിരുന്നു. വീടുകള്‍ക്ക് ഒരു കോടി വില വരില്ലെന്നു ക്വാറി കമ്പനിയുടെ പ്രതിനിധി പറയുമ്പോള്‍ അത് സമ്മതിക്കുകയും ചെയ്യുന്നുണ്ട്. തുകയുടെ കാര്യത്തില്‍ തീരുമാനമായാല്‍ ക്വാറിക്കെതിരെ സംഘടിപ്പിച്ച എല്ലാ തെളിവുകളും കൈമാറുമെന്ന് ഉറപ്പ് നല്‍കുന്നു.

സിപിഎം കമ്മിറ്റി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് പരിശോധന നടത്തിയതിനു ശേഷമാണ് ക്വാറി പ്രതിനിധിയുമായി ഇക്കാര്യങ്ങള്‍ സംസാരിക്കുന്നതെന്ന് സംഭാഷണത്തില്‍ വ്യക്തമാണ്. പുറത്തായ ശബ്ദസന്ദേശത്തെ കുറിച്ച് പാര്‍ട്ടി പരിശോധിക്കുമെന്നും കമ്യൂണിസ്റ്റ് അംഗത്തിനു യോജിക്കാത്ത ഇടപെടലുകള്‍ ഉണ്ടായെങ്കില്‍ ബന്ധപ്പെട്ട കമ്മിറ്റി നടപടി സ്വീകരിക്കുമെന്നും ഏരിയ നേതൃത്വം അറിയിച്ചു.

Back to top button
error: