Health

കശുവണ്ടിയുടെ ഔഷധഗുണങ്ങൾ അനന്തം: ലൈംഗികാരോഗ്യം മെച്ചപ്പെടുത്തും, ആർത്തവകാലത്ത് സ്ത്രീകൾക്ക് ഗുണകരം, മാറിടത്തിലെ ക്യാൻസർ തടയും, നല്ല കൊളസ്ട്രോൾ (HDL) വർധിപ്പിക്കുകയും ചീത്ത കൊളസ്ട്രോൾ (LDL) കുറയ്ക്കുകയും ചെയ്യും, രോഗപ്രതിരോധശേഷി നിലനിർത്തും

ഡോ. വേണു തോന്നയ്ക്കൽ

ഏറെ വിദേശ നാണയം നേടിത്തരുന്ന ഒരു കയറ്റുമതി ഉൽപ്പന്നമാണ് കശുവണ്ടി. കമ്പോളത്തിൽ വലിയ വിലയുള്ള ഒരു ഡ്രൈ ഫ്രൂട്ട് ആണിത്. അതിനുള്ള കാരണം ഇതിന്റെ രുചിയും പോഷക ഗുണവും തന്നെ.

Signature-ad

ഇതിൽ ജീവകങ്ങൾ കൂടാതെ കോപ്പർ, മെഗ്നീഷ്യം, മാംഗനീസ് തുടങ്ങിയ ഖനിജങ്ങൾ വേണ്ടത്രയുണ്ട്. ഇതിന്റെ മറ്റൊരു പ്രത്യേകത, ഇതിൽ ധാരാളമായി കാണുന്ന ഒമേഗ-3 ഫാറ്റി ആസിഡ് ആണ്. കൂടാതെ മാംസ്യവും നാരുഘടകങ്ങളും ധാരാളമുണ്ട്.
കശുവണ്ടി അസ്ഥി, മസ്തിഷ്ക കോശങ്ങൾ, ഹൃദയം എന്നിവയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. അതിനാൽ വിദ്യാർത്ഥികൾക്കും ഗവേഷണങ്ങളിൾ ഏർപ്പെടുന്നവർക്കും നൽകുന്നത് വളരെ നന്നാണ്. ഇത് രോഗപ്രതിരോധശേഷി നിലനിർത്താൻ ഉപകരിക്കുന്നു.
ഈസ്ട്രോജൻ നില ക്രമീകരിക്കുന്നതിനാൽ ആർത്തവകാലത്ത് സ്ത്രീകൾ കശുവണ്ടി കഴിക്കുന്നത് നന്നായിരിക്കും.
മാറിടത്തിലെ കാൻസർ രോഗികളുടെ സംഖ്യ വർദ്ധിച്ചുവരികയാണ്. കശുവണ്ടി സ്ത്രീകളിലെ മാറിടത്തിലെ ക്യാൻസർ തടയുന്നു.
കശുവണ്ടി കഴിക്കുന്നവരിൽ കൊളസ്ട്രോൾ വർദ്ധിച്ചു കാണും എന്ന് ഒരു ആക്ഷേപമുണ്ട്. ആ ധാരണ തെറ്റാണ്. കശുവണ്ടി നല്ല കൊളസ്ട്രോൾ(HDL) വർധിപ്പിക്കുകയും ചീത്ത കൊളസ്ട്രോൾ (LDL) കുറയ്ക്കുകയും ചെയ്യുന്നു.
ഇതിലൊക്കെ ഉപരി ഇത് വ്യക്തികളുടെ ലൈംഗികാരോഗ്യം മെച്ചപ്പെടുത്തുന്നു. ഇതിന്റെ ഗ്ലൈസീമിക് ഇൻഡക്സ് 25 ആണ്. അതിനാൽ പ്രമേഹ രോഗികൾക്ക് മടികൂടാതെ കഴിക്കാവുന്നതാണ്.

ഇത്രയൊക്കെ ഗുണങ്ങൾ ഉണ്ട് എന്ന് വച്ച് കശുവണ്ടി ഒരുപാട് കഴിക്കരുത്. മുതിർന്ന ഒരാൾക്ക് ഏതാണ്ട് പത്ത് കശുവണ്ടി ആകാം. എന്തെങ്കിലും ആരോഗ്യപ്രശ്നം ഉള്ളവർ ഡോക്ടറുടെ നിർദ്ദേശാനുസരണം കശുവണ്ടിയുടെ എണ്ണത്തിൽ മാറ്റം വരുത്തുക.
കശുവണ്ടി എപ്പോഴും ഏതു പ്രായത്തിലും കഴിക്കാവുന്ന ഒരു സ്നാക്ക് ആണ്.
പച്ച കശുവണ്ടിയിൽ അവിയൽ തുടങ്ങിയ കറികൾ ഉണ്ടാക്കാവുന്നതാണ്. കശുവണ്ടി ഉപയോഗിച്ചുള്ള ധാരാളം ബേക്കറി ഉത്പന്നങ്ങൾ ലഭ്യമാണ്.

സദ്യകളിലെ ഒരു പ്രധാന ഐറ്റമാണ് പ്രഥമൻ. അട പ്രഥമൻ , കടല പ്രഥമൻ എന്നിങ്ങനെ പലതരം പ്രഥമനുകൾ ഉണ്ട്. ഇതിൽ നെയ്യിൽ വറുത്ത കശുവണ്ടി ചേർക്കുന്നു. കശുവണ്ടി ചേർക്കാത്ത പ്രഥമൻ പ്രഥമനേ അല്ല. കശുവണ്ടിക്ക് നമ്മുടെ സംസ്കാരവുമായും ബന്ധമുണ്ട് എന്നതിന് ഇതിൽപരം തെളിവ് എന്തു വേണം?

കശുമാങ്ങ നീര് പ്രമേഹ രോഗികൾക്ക് ധൈര്യപൂർവ്വം കഴിക്കാവുന്നതാണ്. ഇത് ചർമ്മാരോഗ്യം കാക്കുകയും
യൗവനം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു.
ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഉദര സൗഖ്യം ലഭ്യമാക്കാനും ഇത് സഹായകരമാണ്. വയറിളക്ക രോഗങ്ങൾ സ്ഥിരമായിയുള്ളവർ കശുമാങ്ങ കഴിക്കുന്നത് നന്നായിരിക്കും. അതുപോലെ തന്നെ പൊണ്ണത്തടി കുറയ്ക്കാനും സഹായകമാണ്.
കശുവണ്ടി ശേഖരിച്ചതിനു ശേഷം കശുമാങ്ങ ഉപേക്ഷിക്കുകയാണ് പതിവ്. പക്ഷേ കശുമാങ്ങ ഉപയോഗപ്പെടുത്തി പലതരം മധുര പാനീയങ്ങളും വ്യവസായികോൽപ്പന്നങ്ങളായ ആൽക്കഹോൾ തുടങ്ങിയവയും വൻതോതിൽ ഉൽപാദിപ്പിക്കാവുന്നതാണ്.
കശുമാങ്ങയുടെ നീരെടുത്ത് പുളിപ്പിച്ച് അതിൽ നിന്നും ഫെനി എന്ന മദ്യം ഉൽപ്പാദിപ്പിക്കുന്നു. അതിന്റെ കുത്തക ഗോവയ്ക്ക് ആണ്. ഗോവയിൽ ഫെനി കുടിൽ വ്യവസായമായി വൻതോതിൽ ഉത്പാദിപ്പിക്കുന്നു. കേരളത്തിലും കശുമാങ്ങയിൽ നിന്നും മദ്യം ഉൽപ്പാദിപ്പിക്കാനുള്ള സംരംഭങ്ങൾ തുടങ്ങി കഴിഞ്ഞു.
പുളിപ്പിച്ച കശുമാങ്ങ നീരിൽ നിന്നും മദ്യം മാത്രമല്ല വിനാഗിരിയും ഉണ്ടാക്കുന്നു. ഈ വിനാഗിരി ആരോഗ്യപ്രദമാണ് ഇത്.

സസ്യശാസ്ത്രപരമായി ഇത് ഒരു യഥാർത്ഥ പഴമല്ല. പുഷ്പത്തിൽ നിന്നാണ് ഫലവും പഴവും വിത്തുമൊക്കെ ഉണ്ടാവുന്നത്. കശുമാങ്ങ പൂത്തണ്ട് (Pedicel) വളർന്ന് വികസിച്ച് ഉണ്ടാവുന്നതാണ്.

ബ്രസീലാണ് ജന്മദേശം. പോർച്ചുഗീസുകാർ (പറങ്കികൾ) ലോകമെങ്ങും കോളനി സ്ഥാപിക്കാൻ ഓടി നടന്ന കൂട്ടത്തിൽ കശുവണ്ടിയും പ്രചരിപ്പിച്ചു. അങ്ങനെ അത് നമ്മുടെ നാട്ടിലും എത്തി. പറങ്കികൾ കൊണ്ടുവന്നതിനാൽ ഇത് പറങ്കിമാവുമായി. അങ്ങനെ പറങ്കിയണ്ടിയും പറങ്കി മാങ്ങയും ഉണ്ടായി.
Cashew nut എന്നാണ് ഇംഗ്ലീഷിലെ പേര്. അനാകാർഡിയം ഓക്സിഡന്റെൽ (Anacardium occidentale) എന്നാണ് ശാസ്ത്രനാമം. കുടുംബം അനാകാർഡിയേസീ (Anacardiaceae). കശുമാവ് ഒരു ഉഷ്ണമേഖല നിത്യഹരിത മരമാണ്.

Back to top button
error: