സ്വന്തം ഉയർച്ചയ്ക്ക് അന്യനെ ബലിയാടാക്കുന്നത് വിനാശകരം
വെളിച്ചം
ആ യാത്രയില്‍ കുറുക്കന്‍ ഒരു പൊട്ടക്കിണറ്റില്‍ വീണു. എത്ര ശ്രമിച്ചിട്ടും കുറുക്കന് പുറത്തേക്ക് കയറാന്‍ കഴിഞ്ഞില്ല. അപ്പോഴാണ് അതുവഴി ഒരു ആട് പോകുന്ന ശബ്ദം കുറുക്കന്‍ കേട്ടത്. കുറുക്കന്‍ ആടിനെ വിളിച്ചു.
ആട് കാര്യമന്വേഷിച്ചു. കുറുക്കന്‍ പറഞ്ഞു:
“ഈ കാട്ടില്‍ ഭയങ്കര വരള്‍ച്ച വരികയാണ്. ഇവിടെയാണെങ്കില്‍ കുറച്ച് വെള്ളമെങ്കിലും ഉണ്ട്. നീ വേണമെങ്കില്‍ ഇങ്ങോട്ട് പോരൂ.”
ഇത് കേട്ട് ആടും പൊട്ടക്കിണറ്റിലേക്ക് ചാടി. ഉടന്‍ തന്നെ കുറുക്കന്‍ ആടിന്റെ മുതുകില്‍ കയറി നിന്ന് മുകളിലേക്ക് ചാടിക്കയറി. കിണറിന് പുറത്തെത്തിയ കുറുക്കന്‍ പറഞ്ഞു:
“ക്ഷമിക്കണം. ഇവിടെനിന്ന് രക്ഷപ്പെടാന്‍ മറ്റ് മാര്‍ഗ്ഗമൊന്നും ഇല്ലായിരുന്നു.”
കുറുക്കന്‍ അവിടെ നിന്നും ഓടിപ്പോയി.
അപരനെ ചവിട്ടി അവനവന്റെ ചക്രവാളം കണ്ടെത്താന്‍ ശ്രമിക്കുന്നവരുടെ കുതന്ത്രങ്ങളില്‍ പെട്ട് അടിത്തറപോലും നഷ്ടപ്പെടുന്നവരുണ്ട്. കുഴിയില്‍ കിടക്കുന്നവരെല്ലാം വീണു പോയവരാകണം എന്നില്ല, മറ്റൊരാളെ വിശ്വസിച്ചതിന്റെ പേരില്‍ കുഴിയില്‍ പെട്ടവരായിരിക്കാം. സ്വന്തം വളര്‍ച്ചയും പുരോഗതിയും ആരുടേയും അവകാശമാണ്. അതിന് മറ്റുള്ളവര്‍ ബലിയാടാക്കപ്പെടണം എന്ന ചിന്ത വിനാശകരമാണ്. നമുക്ക് സ്വയം വീഴാതിരിക്കാം. ഒപ്പം മറ്റുള്ളവരെ വീഴ്ത്താതിരിക്കാനും ശ്രമിക്കാം.
ശുഭദിനം നേരുന്നു.
സൂര്യനാരായണൻ
ചിത്രം: നിപു കുമാർ