KeralaNEWS

സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക് വന്നാൽ സന്തോഷം, സുരേഷ് ഗോപിയുടെ മന്ത്രിസഭാ പ്രവേശനത്തെക്കുറിച്ച് കേരളത്തിലെ പാര്‍ട്ടിക്ക് ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് കെ സുരേന്ദ്രന്‍

കൊച്ചി: രാജ്യസഭാ മുന്‍ എംപി സുരേഷ് ഗോപിയുടെ മന്ത്രിസഭാ പ്രവേശന വാര്‍ത്തയില്‍ മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സുരേഷ് ഗോപിയുടെ മന്ത്രിസഭാ പ്രവേശനത്തെക്കുറിച്ച് കേരളത്തിലെ പാര്‍ട്ടിക്ക് ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് കെ സുരേന്ദ്രന്‍ പ്രതികരിച്ചു. സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക് വന്നാൽ സന്തോഷമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ കേരളത്തില്‍നിന്ന്  രാജ്യസഭാ മുന്‍ എംപിയായ സുരേഷ് ഗോപിയെ പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. കേരളത്തിലെ ബിജെപി നേതാവും  രാജ്യസഭാ എംപിയുമായ  വി മുരളീധരനും മന്ത്രിസഭലയിലുണ്ട്. എന്നാല്‍, സുരേഷ് ഗോപിയുടെ മന്ത്രിസഭാ പ്രവേശനത്തെക്കുറിച്ച് ഔദ്യോഗിക അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് സുരേഷ് ഗോപി ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടു. ഇക്കുറിയും സുരേഷ് ഗോപിയെ തൃശൂരില്‍ പരിഗണിച്ചേക്കുമെന്നും സൂചനയുണ്ട്.

ഏക സിവില്‍ കോഡില്‍ മുഖ്യമന്ത്രി അവസരവാദ രാഷ്ട്രീയത്തിൻ്റെ അപ്പോസ്തലനെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ ആരോപിച്ചു. നേരത്തെ സിപിഎം ഏകീകൃത സിവിൽ കോഡിനെ അനുകൂലിച്ചിരുന്നു. 1990 വരെ ഏകീകൃത സിവിൽ കോഡിനായി വാദിച്ചു. എന്നാല്‍ ഇപ്പോള്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി നിലപാട് മാറ്റിയെന്ന് സുരേന്ദ്രൻ വിമര്‍ശിച്ചു.

99 ശതമാനം സിവിൽ നിയമവും ഒന്നാണ്. സിപിഎമ്മിന് അവസരവാദ നിലപാടാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. മുസ്ലിം ലീഗിൻ്റെയും ജമാഅത്തെ ഇസ്ലാമിയുടെയും ആവശ്യമാണ് സിപിഎം അംഗീകരിച്ചത്. സിപിഎം വൈകാതെ മുസ്ലിം പാർട്ടിയാകുമെന്നും അദ്ദേഹം പരിഹസിച്ചു. മണിപ്പൂരിനെ കുറിച്ച് കള്ളപ്രചാരണം നടക്കുന്നുവെന്നും ക്രൈസ്തവ സമൂഹം ബിജെപിയോട് അടുക്കുന്നത് തടയാനാണ് ശ്രമമെന്നും സുരേന്ദ്രൻ ആരോപിച്ചു.

Back to top button
error: