KeralaNEWS

സഭാതര്‍ക്കം: സമവായ നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ സമര്‍പ്പിച്ചിട്ടുണ്ട്, നിയമനിര്‍മ്മാണം നടത്തരുതെന്നാണ് ഓർത്തഡോക്സ് സഭയുടെ നിലപാടെന്ന് പരിശുദ്ധ കാതോലിക്കാ ബാവ

കോട്ടയം: സഭാതർക്കം സംബന്ധിച്ചുള്ള സമവായ നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ സമർപ്പിച്ചിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ വിഷയത്തിൽ നിയമനിർമ്മാണം നടത്തരുതെന്നാണ് ഓർത്തഡോക്സ് സഭയുടെ നിലപാടെന്നും മലങ്കര ഓർത്തഡോക്‌സ് സഭാ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ. എന്നാൽ സഭയുടെ ഭരണഘടന, കോടതി വിധി എന്നിവയിൽ ഉറച്ചു നിന്നു കൊണ്ടുള്ള സമവായത്തിന് തയാറാണെന്ന് സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ബാവ പറഞ്ഞു. ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണിപ്പൂരിലെ കലാപം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം. കേന്ദ്ര ആഭ്യന്തര മന്ത്രി സ്ഥലം സന്ദർശിച്ചിട്ടും പ്രശ്‌നം പരിഹരിക്കാൻ കഴിയാത്തത് ആശങ്ക ഉണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിലേത് വർഗീയ കലാപം എന്നു പറയാൻ കഴിയില്ല. രണ്ടു ഗോത്ര വിഭാഗങ്ങൾ തമ്മിലുളള സംഘർഷമാണ്. ഇരു വിഭാഗത്തിനും നാശവുമുണ്ട് എന്നാൽ ക്രൈസ്തവ വിഭാഗങ്ങൾക്ക് നേരെയാണ് ആക്രമണം കൂടുതൽ നടക്കുന്നത്. ഇതിൽ ക്രൈസ്തവ വിഭാഗങ്ങൾക്ക് കടുത്ത ആശങ്ക ഉണ്ട്. കേന്ദ്ര സർക്കാർ എന്തുകൊണ്ടാണ് ഇവിടെ കാഴ്ച്ചക്കാരായി നോക്കി നിൽക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. മണിപ്പൂർ വിഷയം പരിഹരിക്കുന്നതിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചരിക്കുന്നത്. ഈ വിഷയത്തിൽ പ്രധാനമന്ത്രി പ്രതികരിക്കാത്തത് ദൗർഭാഗ്യകരമാണന്നും ബാവ പറഞ്ഞു. ശക്തമായ പട്ടാള സാന്നിധ്യം ഇവിടെ ഏർപ്പെടുത്തി, കലാപം അവസാനിപ്പിക്കണമെന്നും കാതാലിക്ക ബാവ ആവശ്യപ്പെട്ടു.

ഏകീകൃത സിവിൽ കോഡ് സംബന്ധിച്ചുള്ള ഉള്ളടക്കം പുറത്ത് വരാത്തതിനാൽ ഇതിന്റെ ഉദ്ദേശ ശുദ്ധിയെക്കുറിച്ച് വ്യക്തമായി പറയാൻ സാധിക്കില്ലെന്ന് കാതോലിക്ക ബാവ പറഞ്ഞു. രാജ്യത്തിന്റെ മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന നിയമനിർമ്മാണം പാടില്ല.ഭാരത സംസ്‌ക്കാരം അതല്ലെന്നും ഓരോ മതത്തിന്റെയും ആചാരങ്ങളും, രീതികളും തച്ചുടക്കുന്ന തരത്തിലുള്ള സിവിൽ കോഡ് സംവിധാനമുണ്ടാകരുതെന്നും ബാവ ചൂണ്ടിക്കാട്ടി.

 

 

 

Back to top button
error: