പത്തനംതിട്ട: ജനവാസ മേഖലയില്‍ അവശനിലയില്‍ കണ്ടെത്തിയ പുലിക്കുട്ടിയെ വനപാലകര്‍ പിടികൂടി ചികിത്സയ്ക്കു വിധേയമാക്കി.
ആങ്ങമൂഴി ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിലെ സീതത്തോട് കൊച്ചുകോയിക്കല്‍ നാലാം ബ്ലോക്ക് ജനവാസ മേഖലയില്‍ എട്ടുമാസം പ്രായംവരുന്ന പെണ്‍പുലിക്കുഞ്ഞിനെയാണ് ഇന്ന് രാവിലെ കണ്ടത്.
രാവിലെ ഒന്പതോടെ റോഡരികില്‍ പുലിയെ കണ്ട വിവരം നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. തുടര്‍ന്ന് വനപാലകരെത്തി പുലിയെ കാട്ടിലേക്ക് മടക്കിവിടാന്‍ ശ്രമിച്ചെങ്കിലും ക്ഷീണിതയാണെന്നു ബോധ്യപ്പെട്ടതോടെ പിടികൂടാന്‍ തീരുമാനിക്കുകയായിരുന്നു.
കൊച്ചുകോയിക്കല്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ മനോജ് ചന്ദ്രന്റെ നേതൃത്വത്തിലുളള വനപാലകസംഘം പുലിയെ വലയിലാക്കി. പിന്നീട് കൂട്ടിലേക്കു മാറ്റിയ പുലിയെ കോന്നിയില്‍നിന്നും വെറ്ററിനറി സര്‍ജന്‍ ശ്യംചന്ദ്രന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തി പരിശോധിച്ച ശേഷം വിദഗ്ധ പരിശോധനയ്ക്കായി പത്തനംതിട്ട വെറ്ററിനറി ആശുപത്രിയില്‍ എത്തിച്ചു.