IndiaNEWS

ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് അനുനയ നീക്കം; ടി.എസ്. സിങ് ദേവ് ഉപമുഖ്യമന്ത്രി

റായ്പുര്‍: തിരഞ്ഞടുപ്പ് അടുത്ത ഛത്തീസ്ഗഡില്‍ അനുനയ നീക്കവുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ടി.എസ്. സിങ് ദേവിനെ ഉപമുഖ്യമന്ത്രിയാക്കി. സിങ് ദേവിനെ ഉപമുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ അംഗീകരിച്ചതായി കോണ്‍ഗ്രസ് സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പ്രസ്താവനയില്‍ അറിയിച്ചു. ഈ വര്‍ഷം അവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസിന്റെ കരുനീക്കം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഖര്‍ഗെയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും സംസ്ഥാന നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനം.

നിലവിലെ മുഖ്യമന്ത്രി ഭൂപേഷ് ബാഗെലും സിങ് ദേവും മുഖ്യമന്ത്രി പദത്തിനായി കൊമ്പുകോര്‍ത്തിരുന്നു. 2018ല്‍ മുഖ്യമന്ത്രിയായി അധികാരത്തിലേറുമ്പോള്‍ 2020 ആകുമ്പോള്‍ തനിക്ക് പദവി കൈമാറാമെന്ന് ബാഗെല്‍ ഉടമ്പടി വച്ചിരുന്നെന്ന് സിങ് ദേവ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ അത്തരത്തില്‍ ഒരു ഉടമ്പടിയെക്കുറിച്ച് തനിക്ക് അറിവില്ലെന്നാണ് ബാഗെലിന്റെ പക്ഷം.

ഇരുവരും തമ്മിലുള്ള പോരിന്റെ ഭാഗമായി വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന സൂചനയും സിങ് ദേവ് നല്‍കിയിരുന്നു. തുടര്‍ന്ന് സിങ് ദേവിന്റെ അനുനയിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ ഉപമുഖ്യമന്ത്രി പദം നല്‍കുന്നതെന്നാണ് വിലയിരുത്തല്‍.

2018 ല്‍ ഭരണം ലഭിച്ചപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുയര്‍ന്ന പേരാണ് മുതിര്‍ന്ന നേതാവ് ടി.എസ്. സിങ് ദേവിന്റേത്. പക്ഷേ, അദ്ദേഹത്തെ വെട്ടി ഭൂപേഷ് ബാഗെല്‍ മുഖ്യമന്ത്രിയായി. 5 വര്‍ഷത്തിനിപ്പുറം വീണ്ടും തിരഞ്ഞെടുപ്പിനൊരുങ്ങുമ്പോള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ബാഗെല്‍ കരുത്തനായി മാറിക്കഴിഞ്ഞു. ഹൈക്കമാന്‍ഡില്‍ പ്രിയങ്കയുടെ പിന്തുണയും ബാഗെലിനുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ സംസ്ഥാനം ഒറ്റക്കെട്ടായി നേരിടണമെന്ന കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനത്തിനു പിന്നാലെയാണ് പുതിയ നീക്കം.

Back to top button
error: