KeralaNEWS

മഴക്കാലമാണ്, ഈ ഭീകരനെ സൂക്ഷിക്കുക, എലിപ്പനി: രോഗലക്ഷണങ്ങൾ, ചികിത്സ, മുൻ കരുതൽ

ഡോ.വേണു തോന്നയ്ക്കൽ

മഴയുടെ തോഴരാണ് എലിയും എലിപ്പനിയും. ആഗോള വ്യാപകമായി പ്രതിവർഷം ബാധിക്കുന്ന പത്തു ലക്ഷത്തോളം കേസുകളിൽ 60,000 ആണ് മരണ നിരക്ക്. കേരളത്തിലും ആയിരത്തിലേറെ കേസുകളാണ് പ്രതിവർഷം റിപ്പോർട്ട് ചെയ്യുന്നത്.
തീവ്രമായ പനി, അസഹ്യമായ തലവേദന, വിറയൽ, പേശി വേദന, ഉറക്കക്കുറവ്, ഛർദ്ദി, വയറിളക്കം, തുടങ്ങിയവയാണ് രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങൾ.
ഈ ലക്ഷണങ്ങൾ പക്ഷേ വേഗത്തിൽ അപ്രത്യക്ഷമാവാം. രോഗം പിന്നെയും ആവർത്തിക്കും. കരൾ, വൃക്ക, തുടങ്ങിയ ആന്തര അവയവങ്ങൾക്ക് തകരാറ്, ശ്വസനവൈഷമ്യം, വയറുവേദന, ചർമ്മത്തിലും ശ്ലേഷ്മ സ്തരത്തിലും ബ്ലീഡിങ് സ്പോട്ടുകൾ, ചർമ്മത്തിലും കണ്ണിലും മഞ്ഞനിറം തുടങ്ങിയ ലക്ഷണങ്ങളാണ് രോഗത്തിന്റെ രണ്ടാം ഘട്ടത്തിൽ പ്രകടമാകുന്നത്.

രണ്ടാംഘട്ടം ഏറെ കഠിനമായിരിക്കും. അതിനാൽ ഒന്നാം ഘട്ടത്തിൽ തന്നെ ഒരു വിദഗ്ധനെ കണ്ട് രോഗനിർണ്ണയം നടത്തി ചികിത്സ എടുക്കേണ്ടതാണ്. ആദ്യഘട്ടം സാധാരണ വൈറൽ പനി (ഫ്ലു) എന്ന് തെറ്റിദ്ധരിക്കപ്പെടാം.
വൈദ്യ ഭാഷയിൽ രോഗത്തെ ലെപ്റ്റോസ്പൈറോസിസ് (leptospirosis) എന്ന് വിളിക്കുന്നു. ലെപ്‌റ്റോസ്പൈറ ജീനസിലെ ബാക്ടീരിയയാണ് ഈ രോഗത്തിന് കാരണം.
എലികളിലൂടെയാണ് രോഗം പ്രധാനമായും ബാധിക്കുന്നത്. അതിനാലാണ് രോഗത്തിന് എലിപ്പനി എന്ന പേര് ലഭിച്ചത്. ഇത് മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളുടെ ഗണത്തിൽ പെടുന്നു.
രോഗാണു വാഹകരായ എലികളിൽ രോഗം പകരുന്നില്ല. ഇവിടെ എലി റിസർവോയർ ആകുന്നു. എലിയെ കൂടാതെ സസ്തനികളായ കന്നുകാലികൾ, പന്നി, കുതിര, നായ തുടങ്ങിയ മൃഗങ്ങളിലൂടെയും രോഗം പകരാം.
രോഗവാഹകരായ മൃഗങ്ങളുടെ വൃക്കകളിൽ രോഗാണുക്കളായ ബാക്ടീരിയ വളരുന്നു. അവിടെ നിന്നും മൂത്രത്തിലൂടെ പുറത്തുവരുന്നു. ഈ മൂത്രം വീണു രോഗാണു മലിനമാകുന്ന പ്രദേശം, ഉപകരണങ്ങൾ, ഭക്ഷണം, പാനീയം, ശരീരത്തിലെ മുറിവ്, വൃണം, എന്നിവയിലൂടെ രോഗാണുബാധ ഉണ്ടാവുന്നു.
രോഗാണു കലർന്ന മലിനമായ വെള്ളത്തിൽ വായ് കഴുകുകയോ കുളിക്കുകയോ ചെയ്യുന്നതിലൂടെയും രോഗം പകരാം.
കർഷകർ, കർഷക തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, സ്വീവേജ് പണികളിൽ ഏർപ്പെടുന്നവർ, മൃഗഡോക്ടർമാർ തുടങ്ങിയവരാണ് ഈ രോഗാണു ബാധയുടെ മുൾമുനയിൽ കഴിയുന്നവർ.
കുളം, തടാകം, പുഴ, നദി, തണ്ണീർത്തടങ്ങൾ എന്നിവിടങ്ങളിൽ പണിയെടുക്കുന്ന വരും ജല വിനോദങ്ങളിൽ ഏർപ്പെടുന്നവരും രോഗബാധ ഉണ്ടാവാതെ ശ്രദ്ധിക്കുക.
ശരീരത്തിൽ കടക്കുന്ന ബാക്ടീരിയ രക്തപര്യയന വ്യവസ്ഥയിൽ പ്രവേശിച്ച് രണ്ടാഴ്ച കൊണ്ട് ശരീരമാസകലം വ്യാപിക്കുന്നു. അതോടെ രോഗലക്ഷണങ്ങളുടെ വരവായി.
രക്ത പരിശോധനയിലൂടെ ലെപ്റ്റോസ്പൈറ ആൻറി ബോഡിയുടെ സാന്നിധ്യം കണ്ടെത്താവുന്നതാണ്. മൈക്രോസ്കോപ്പിക് അഗ്ലൂട്ടിനേഷൻ ടെസ്റ്റ്, റാപ്പിഡ് സിറോളജിക് അസൈ, എന്നിവയിലൂടെയും രോഗനിർണയം നടത്താവുന്നതാണ്.
ഇത് ഒരു ബാക്ടീരിയൽ രോഗമാകയാൽ  ആന്റിബയോട്ടികൾ കൊണ്ട് ചികിത്സിക്കാവുന്നതാണ്.
രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നന്ന് രോഗത്തെ പ്രതിരോധിക്കുന്നതാണ്.

രോഗാണു ബാധ ഉണ്ടാവാൻ ഇടയുള്ള ചെളികെട്ടുകൾ, വെള്ളം കെട്ടി നിൽക്കുന്ന പ്രദേശങ്ങൾ, കുളങ്ങൾ, എന്നിവ ശുദ്ധീകരിക്കുകയും എലികളുടെ സഹവാസം ഇല്ല എന്ന് ഉറപ്പുവരുത്തുകയും വേണം. ഇത്തരം ഇടങ്ങൾ സന്ദർശിക്കേണ്ടവരോ അവിടങ്ങളിൽ പണിയെടുക്കുന്നവരോ തങ്ങളുടെ ശരീരത്തിൽ രോഗാണുക്കൾ കടക്കാത്ത തരത്തിലുള്ള വസ്ത്രങ്ങളും വാട്ടർപ്രൂഫ് ഷൂസുകളും ധരിക്കേണ്ടതാണ്.
രോഗാണു കലർന്ന് മലിനമായതോ മലിനമാവാൻ ഇടയുള്ളതോ ആയ ജലത്തിലെ കുളി, അലക്ക്, ജലകേളി എന്നിവ ഒഴിവാക്കുക. വിശേഷിച്ചും ശരീരത്തിൽ മുറിവോ വ്രണമോ ഉള്ളപ്പോൾ.
ഭക്ഷണം, കുടിവെള്ളം എന്നിവ രോഗാണു മലിനമാവാതെ അടച്ച് സൂക്ഷിക്കുക.
ഏല്ലാറ്റിലുമുപരി എലി ഉൾപ്പെടെ കരണ്ട് തിന്നുന്ന ജന്തുക്കളെ (rodents) നിയന്ത്രിക്കുക. അതാണ് രോഗ പ്രതിരോധത്തിന്റെ കാതലായ മാർഗം.
രോഗാണുവാഹകരായ എലിയുടെ മൂത്രം എവിടെ സ്പർശിക്കുന്നുവോ അവിടെ നിന്നും നമ്മുടെ കൈകാലുകളിലൂടെയോ കുടിവെള്ളത്തിലൂടെ ഭക്ഷണത്തിലൂടെയോ ശരീരത്തിനുള്ളിൽ പ്രവേശിക്കാവുന്നതാണ്. തറയിൽ ഇഴഞ്ഞു കളിക്കുന്ന കുട്ടികളുണ്ടെങ്കിൽ ഏറെ അപകടകരമാണ്.
അതിനാൽ എലിയുടെ വാസമുള്ള വീടുകളിൽ പ്രത്യേക ശ്രദ്ധ വേണ്ടതാണ്.

Back to top button
error: