ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്ത് പട്ടാപ്പകല്‍ നടുറോഡില്‍ കാര്‍ തടഞ്ഞ് യാത്രക്കാരെ തോക്കിന്‍മുനയില്‍ നിര്‍ത്തി 2 ലക്ഷം രൂപ കവര്‍ന്നു. ഡല്‍ഹി പ്രഗതി മൈതാന്‍ തുരങ്കത്തിലാണു സംഭവം. 2 ബൈക്കുകളിലായി പിന്തുടര്‍ന്ന നാലംഗസംഘം കാറിനെ മറികടന്നു തടയുകയായിരുന്നു.
ചാന്ദ്‌നി ചൗക്കില്‍ ഒമിയ എന്റര്‍പ്രൈസസിലെ ഡെലിവറി ഏജന്റായ സജന്‍കുമാര്‍ പട്ടേലും സുഹൃത്ത് ജിഗര്‍ പട്ടേലുമായിരുന്നു കാറില്‍. സ്ഥാപന ഉടമയുടെ സുഹൃത്തിനു നല്‍കാനുള്ള പണവുമായി ടാക്‌സിയില്‍ ലാല്‍ കിലയില്‍നിന്നു ഗുരുഗ്രാമിലേക്കായിരുന്നു യാത്ര. കാര്‍ റിങ് റോഡില്‍ നിന്നു പ്രഗതി മൈതാന്‍ തുരങ്കത്തിലേക്കു കടന്നയുടന്‍ കവര്‍ച്ചാസംഘം കുറുകെ നിന്നു. ഇരു ബൈക്കുകളിലെയും പിന്‍സീറ്റിലിരുന്നവര്‍ ഇറങ്ങി തോക്കുചൂണ്ടി കാറിന്റെ പിന്‍സീറ്റ് യാത്രക്കാരില്‍നിന്നു ബാഗ് പിടിച്ചെടുത്ത ശേഷം കടന്നുകളഞ്ഞു. ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. ശനിയാഴ്ച 3 മണിക്കു നടന്ന സംഭവത്തിന്റെ സിസി ടിവി ദൃശ്യം ഇന്നലെ പുറത്തുവന്നു.
സംഭവം നടക്കുമ്പോള്‍ തുരങ്കത്തിലൂടെ മറ്റു വാഹനങ്ങള്‍ കടന്നു പോകുന്നതു ദൃശ്യത്തില്‍ കാണാം. തോക്കും ബഹളവും കണ്ടതോടെ മറ്റു യാത്രക്കാര്‍ വണ്ടി നിര്‍ത്താതെ പോവുകയായിരുന്നു. കവര്‍ച്ച നടന്ന ഉടന്‍ സ്ഥാപന ഉടമയെ വിളിച്ചു വിവരം അറിയിച്ച ശേഷം പോലീസില്‍ പരാതി നല്‍കിയെന്നാണ് സജന്‍ കുമാറിന്റെ മൊഴി. എന്നാല്‍, സ്ഥാപനത്തിലെ ജീവനക്കാരുടെ തന്നെ അറിവോടെയാണോ കൊള്ളയെന്നും അന്വേഷിക്കുന്നുണ്ടെന്നു പോലീസ് പറഞ്ഞു.
സരായ് കാലേ ഖാനും നോയിഡയുമായി ബന്ധിപ്പിക്കുന്ന പ്രഗതി മൈതാന്‍ തുരങ്കത്തിന് ഒന്നര കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു ഉദ്ഘാടനം. തുരങ്കത്തിലെ സുരക്ഷയ്ക്ക് 16 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ കാവല്‍ നില്‍ക്കുന്നതിനിടെയാണ് കൊള്ള നടത്തിയത്.