KeralaNEWS

നാളെ മഴ കനക്കും; അഞ്ചു ദിവസം വ്യാപക മഴ

തിരുവനന്തപുരം: അടുത്ത 5 ദിവസം കേരളത്തില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും. നാളെ( ജൂണ്‍ 27 ) ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക് – പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍, വടക്കന്‍ ഒഡിഷ – പശ്ചിമ ബംഗാള്‍ തീരത്തിനു സമീപം രൂപപ്പെട്ട ന്യുനമര്‍ദ്ദം നിലവില്‍ വടക്കന്‍ ഒഡിഷയ്ക്ക് മുകളിലായാണ് സ്ഥിതി ചെയ്യുന്നത്. ഇത് അടുത്ത രണ്ടു ദിവസം ജാര്‍ഖണ്ഡ്, ഛത്തിസ്ഖണ്ഡ് വഴി വടക്കന്‍ മധ്യപ്രദേശിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Signature-ad

അതേസമയം, മണ്‍സൂണ്‍ രാജ്യത്തിന്റെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും എത്തിയതോടെ പലയിടത്തും പ്രളയ സമാനമായ സാഹചര്യമാണ്. മഴക്കെടുതിയില്‍ ഉത്തരേന്ത്യയില്‍ മരണം ഏഴായി. ഹിമാചലില്‍ മേഘ വിസ്‌ഫോടനമുണ്ടായി. കുളു, മണാലി, മണ്ഡി മേഖലകളില്‍ കനത്ത മഴയാണ് ലഭിക്കുന്നത്. മണ്ണിടിച്ചിലില്‍ രണ്ടുപേര്‍ മരിച്ചു. വിനോദ സഞ്ചാരികളടക്കം നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുകയാണ്.

 

 

Back to top button
error: