IndiaNEWS

തെരുവിലെ സമരം അവസാനിപ്പിച്ച് ഗുസ്തിതാരങ്ങള്‍; ഇനി പോരാട്ടം കോടതിയില്‍

ന്യൂഡല്‍ഹി: റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റും ബി.ജെ.പി. എം.പിയുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ പ്രതിഷേധത്തിന്റെ മുറമാറ്റി ഗുസ്തിതാരങ്ങള്‍. തെരുവിലെ പ്രതിഷേധം അവസാനിപ്പിച്ചതായും ഇനി പോരാട്ടം കോടതിയിലൂടെ ആയിരിക്കുമെന്നും പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന ഗുസ്തിതാരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്രംഗ് പൂനിയ തുടങ്ങിയവര്‍ ഞായറാഴ്ച ട്വിറ്ററിലൂടെ അറിയിച്ചു.

ബ്രിജ്ഭൂഷണിനെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതോടെ സര്‍ക്കാര്‍ വാക്കുപാലിച്ചുവെന്നും ട്വീറ്റുകളില്‍ താരങ്ങള്‍ പറയുന്നുണ്ട്. ഈ കേസില്‍ നീതി കിട്ടുംവരെ ഗുസ്തിതാരങ്ങളുടെ പ്രതിഷേധം തുടരും, പക്ഷേ അത് തെരുവില്‍ ആയിരിക്കില്ല കോടതിയില്‍ ആയിരിക്കും- താരങ്ങള്‍ വ്യക്തമാക്കി.

Signature-ad

വാഗ്ദാനം ചെയ്ത പ്രകാരം, റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(ഡബ്ല്യൂ.എഫ്.ഐ.)യിലെ പരിഷ്‌കരണം, തിരഞ്ഞെടുപ്പ് നടപടികള്‍ തുടങ്ങിയവ ആരംഭിച്ചിട്ടുണ്ടെന്നും ജൂലൈ 11-ന് നടക്കുന്ന ഡബ്ല്യൂ.എഫ്.ഐ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ നടപ്പാക്കാന്‍ കാത്തിരിക്കുകയാണെന്നും താരങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

സമരമുഖം മാറ്റുന്നുവെന്ന കാര്യം ഒരേപോലുള്ള ട്വീറ്റുകളിലൂടെയാണ് വിനേഷും സാക്ഷിയും ബജ്റംഗും അറിയിച്ചത്. പ്രസ്താവനയ്ക്കു പിന്നാലെ സാമൂഹികമാധ്യമങ്ങളില്‍നിന്ന് ചെറിയൊരു ഇടവേള എടുക്കുന്നതായി വിനേഷ് ഫോഗട്ടും സാക്ഷി മാലിക്കും അറിയിച്ചു.

ലൈംഗിക ചൂഷണം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരേ അഞ്ചുമാസത്തോളമായി താരങ്ങള്‍ സമരത്തിലാണ്. ഡല്‍ഹിയിലെ ജന്തര്‍ മന്ദര്‍ ആയിരുന്നു പ്രതിഷേധത്തിന്റെ പ്രധാനവേദി. കഴിഞ്ഞമാസമാണ് ഗുസ്തിതാരങ്ങളുടെ പരാതിയില്‍ ബ്രിജ് ഭൂഷണിനെതിരേ ലൈംഗിക പീഡനം ഉള്‍പ്പെടെയുള്ള ആരോപണങ്ങളില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Back to top button
error: