പത്തനംതിട്ട: കെഎസ്ആർടിസി എല്ലാ ഡിപ്പോകളിൽ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് ടൂർ പാക്കേജുകൾ സംഘടിപ്പിച്ചെങ്കിലും ഏറ്റവും ഹിറ്റായത് ഗവി യാത്ര.
പാക്കേജ് ആരംഭിച്ച് ഏഴുമാസം പിന്നിടുമ്ബോള്‍ ആവേശകരമായ ഹിറ്റിലേക്കാണ് കെ.എസ്.ആര്.ടി.സി.യുടെ ഗവി ടൂര്‍ പാക്കേജ് എത്തിയിരിക്കുന്നത്.
2022 ഡിസംബര്‍ ഒന്നുമുതൽ 2023 ജൂണ്‍ 27 വരെ 491-ഗവി ട്രിപ്പുകളാണ് കെഎസ്ആർടിസി നടത്തിയത്.ഇതുവരെ നടത്തിയ 491 സര്‍വീസുകളിലായി രണ്ടുകോടിക്ക് മുകളിലാണ് കെ.എസ്.ആര്.ടി.സി.ക്ക് വരുമാനമായി ലഭിച്ചത്.
പത്തനംതിട്ടയില്നിന്നാരംഭിക്കുന്ന യാത്രയില്‍ ഡ്യൂട്ടിക്കായി പരിചയസമ്ബന്നരായ ജീവനക്കാരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇവരുടെ ഗവിയെക്കുറിച്ചുള്ള അനുഭവസമ്ബത്ത് യാത്രക്കാര്‍ക്ക് വലിയ മുതല്‍ക്കൂട്ടാണ്.
സീതത്തോട് കൊച്ചാണ്ടിയില്‍നിന്നാണ് കാഴ്ചകള്‍ തുടങ്ങുന്നതെന്ന് ബസിലെ ജീവനക്കാര്‍ പറയുന്നു. പിന്നീടങ്ങോട്ട് 60 കിലോമീറ്റര്‍ വനയാത്രയാണ്. കക്കി സംഭരണി പിന്നിട്ടാല്‍ ആനക്കൂട്ടം മേഞ്ഞുനടക്കുന്ന കുന്നുകള്‍ കാണാം. എക്കോപ്പാറയിലാണ് കാട്ടുപോത്തുകളെയും പുള്ളിമാനുകളെയും കാണാനാകുക. കടുവയെയും പുലിയെയുമെല്ലാം കാണുന്ന സാഹചര്യങ്ങളും അപൂര്‍വമായി സഞ്ചാരികള്‍ക്ക് ഉണ്ടായിട്ടുണ്ടെന്നും ജീവനക്കാര്‍ പറഞ്ഞു.
ഒരുദിവസം മൂന്ന് വീതം സര്‍വീസുകളാണ് ഗവിയിലേക്ക് നടത്തുക. മൂന്നും പത്തനംതിട്ടയിലെ ബസുകളാണ്. ദിവസവും രാവിലെ ഏഴിന് പത്തനംതിട്ടയില്‍നിന്ന് യാത്ര തുടങ്ങും. രാത്രി എട്ടരയോടെ മടങ്ങിയെത്തും.ദൂരെ ജില്ലകളില്‍നിന്ന് വരുന്നവരെ പത്തനംതിട്ടയിലെത്തിച്ച്, അടുത്തദിവസം ഇവിടെനിന്നുള്ള ബസിലാണ് ഗവിയിലേക്ക് കൊണ്ടുപോകുന്നത്.