കോട്ടയം: തിരുവാര്‍പ്പിലെ ബസുടമയ്‌ക്കെതിരായ സമരം സിഐടിയു പിന്‍വലിച്ചു. കഴിഞ്ഞ ഒരാഴ്ചയായി തിരുവാര്‍പ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസ് കുമരകം പോലീസ് കസ്റ്റഡിയിലെടുത്തു. സിഐടിയു നേതാക്കള്‍ സ്ഥലത്തെത്തി സമരം പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപനം നടത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് ഉദ്യോഗസ്ഥര്‍ കൊടിതോരണങ്ങള്‍ അഴിച്ചുമാറ്റി ബസ് കസ്റ്റഡിയിലെടുത്തത്. ബസ് തിരുവാര്‍പ്പിലെ മറ്റൊരു സ്ഥലത്തേക്ക് തന്നെ മാറ്റിയിട്ടു.
അടുത്തദിവസം തന്നെ വിഷയം വീണ്ടും ഹൈക്കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് ബസുടമ രാജ്‌മോഹന്‍ പറഞ്ഞു. അതിനിടെ, തൊഴില്‍ മന്ത്രി ചര്‍ച്ചയ്ക്ക് തയ്യാറായിട്ടുണ്ടെന്ന് സിഐടിയു നേതാക്കള്‍ പറയുന്നു. ചര്‍ച്ചയിലൂടെ പരിഹാരം ഉണ്ടാകുന്നതു വരെ ബസ് കുമരകം പോലീസ് കസ്റ്റഡിയില്‍ സൂക്ഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ബസ് സര്‍വീസ് നടത്തുന്നതിനു പോലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഇന്നലെ ഹൈക്കോടതി വിധിയെ തുടര്‍ന്നു ബസ് സര്‍വീസിനായി രാവിലെ എത്തിയ രണ്ടു തൊഴിലാളികളെ തിരുവാര്‍പ്പ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. ഇതോടെ ഇന്നലെ സമരം അവസാനിപ്പിച്ച വെട്ടിക്കുളങ്ങര ബസുടമ രാജ്മോഹന്‍ ഇന്നു വീണ്ടും സമരം പുനരാരംഭിച്ചു.
ഇന്ന് രാവിലെ സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ.ആര്‍ അജയ് പരസ്യമായി രാജ്‌മോഹനെ മര്‍ദിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പോലീസ് സ്റ്റേഷന്‍ ഉപരോധവും മറ്റും നടത്തി. ക്രമസമാധാനപ്രശ്‌നത്തിലേക്കും ഇത് കടക്കുമെന്ന സാഹചര്യം വന്നതോടെയാണ് പോലീസ് ബസ് കസ്റ്റഡിയില്‍ എടുത്തത്.
അതേസമയം, മര്‍ദനമേറ്റ രാജ്‌മോഹന്‍ ആശുപത്രിയില്‍ ചികിത്സ തേടി. സിഐടിയുവിന്റെ കൊടിതോരണണങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിച്ചത് ചോദ്യംചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് സിഐടിയുവിന്റെ വിശദീകരണം. ബസ് സര്‍വീസിന് തടസമില്ലെന്നും സിഐടിയു പറയുന്നു. കൊടികുത്ത് സമരത്തില്‍ പ്രതിഷേധിച്ച് ബസുടമ ബസിനു മുന്നില്‍ ലോട്ടറി വില്‍പ്പന നടത്തിയ സ്ഥലത്തായിരുന്നു സിഐടിയു സമരപ്പന്തല്‍ കെട്ടിയത്. വെള്ളിയാഴ്ച രാവിലെ മുതലാണ് സിഐടിയു പ്രവര്‍ത്തകര്‍ സമരപ്പന്തല്‍ കെട്ടി കഞ്ഞിവെച്ച് രാപ്പകല്‍ സമരം ആരംഭിച്ചിരുന്നത്.