NEWSWorld

സൂര്യനെ ചുറ്റുന്ന ഛിന്നഗ്രഹങ്ങളില്‍ ഒന്നിന് മലയാളിയുടെ പേര് നൽകി അന്താരാഷ്ട്ര അസ്‌ട്രോണമിക്കല്‍ യൂണിയൻ 

കോഴിക്കോട്: സൗരയൂഥത്തില്‍ സൂര്യനെ ചുറ്റുന്ന ഛിന്നഗ്രഹങ്ങളില്‍ ഒന്നിന് മലയാളിയായ ജ്യോതിശാസ്ത്രജ്ഞൻ ഡോ.അശ്വിൻ ശേഖറിന്റെ പേരു നല്‍കി അന്താരാഷ്ട്ര അസ്‌ട്രോണമിക്കല്‍ യൂണിയൻ (ഐഎയു). യുഎസില്‍ അരിസോണയിലെ ഫ്ലാഗ്സ്റ്റാഫില്‍ പ്രവര്‍ത്തിക്കുന്ന ലോവല്‍ ഒബ്‌സര്‍വേറ്ററി ആദ്യം നിരീക്ഷിച്ച ‘2000എല്‍ജെ27’ എന്ന ഛിന്നഗ്രഹത്തിനാണ് അശ്വിന്റെ പേരിട്ടത്.
ജൂണ്‍ 21-ന് യുഎസിലെ അരിസോണയില്‍ നടന്ന ആസ്റ്ററോയിഡ് കോമറ്റ്സ് മെറ്റേഴ്സ് കോണ്‍ഫറൻസില്‍ വെച്ചാണ് ഛിന്നഗ്രഹത്തിന്റെ നാമകരണ പ്രഖ്യാപനം ഐഎയു നടത്തിയത്. ‘ഇന്ത്യയില്‍ നിന്നുള്ള ആദ്യ പ്രൊഫഷണല്‍ ഉല്‍ക്കാശാസ്ത്രജ്ഞൻ’ എന്നാണ് അസ്‌ട്രോണമിക്കല്‍ യൂണിയൻ അശ്വിനെ പരിചയപ്പെടുത്തിയത്.
2014 ല്‍ ബ്രിട്ടനിലെ ബെല്‍ഫാസ്റ്റില്‍ ക്വീൻസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ പിഎച്ച്‌ഡി എടുത്ത പാലക്കാട് ചേര്‍പ്പുളശ്ശേരി സ്വദേശിയായ അശ്വിൻ, നോര്‍വെയില്‍ ഓസ്ലോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ‘സെലസ്റ്റിയല്‍ മെക്കാനിക്‌സി’ല്‍ പോസ്റ്റ് ഡോക്ടറല്‍ പഠനം 2018 ല്‍ പൂര്‍ത്തിയാക്കി.
ഇന്ത്യയില്‍ നിന്ന് ശ്രീനിവാസ രാമാനുജൻ, സിവി രാമൻ, സുബ്രഹ്‌മണ്യ ചന്ദ്രശേഖര്‍, വിക്രം സാരാഭായി എന്നീ ശാസ്ത്രജ്ഞരുടെ പേരിലും ഛിന്നഗ്രഹങ്ങള്‍ നാമകരണം ചെയ്തിട്ടുണ്ട്.

Back to top button
error: