LocalNEWS

ഇരുട്ടി​​ന്റെ മറവിൽ മാലിന്യമെറിഞ്ഞ് മടങ്ങിയവർ ഞെട്ടി! ഒറ്റയടിക്ക് പിഴ കിട്ടിയത് 20 പേർക്ക്; സംഭവം ബാലരാമപുരത്ത്

തിരുവനന്തപുരം: പൊതുനിരത്തിൽ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി ബാലരാമപുരം ഗ്രാമപഞ്ചായത്ത് പിഴയിടാക്കി. പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മൂന്ന് സ്ക്വാഡുകൾ രൂപീകരിച്ചാണ് രാത്രിയും പകലും മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള പ്രവർത്തനം നടത്തി വരുന്നത്. അഞ്ച് ദിവസത്തിനിടെ ഇരുപതിലെറെ പേരെ പിടികൂടി. ആദ്യ പടിയെന്നോണം അഞ്ഞൂറ് രൂപയാണ് ഇവരിൽ നിന്നും പിഴ ഈടാക്കിയത്.

നിത്യവും മാലിന്യം നിക്ഷേപിച്ച് ആളുകൾ കടന്നുകളയുന്ന പ്രദേശങ്ങളിൽ പഞ്ചായത്ത് ഉദ്യോഗസ്ഥർ മാറിനിന്ന് നിരീക്ഷിച്ചാണ് പലരെയും പിടികൂടിയത്. മാലിന്യം നിക്ഷേപിച്ച് കടന്നു കളഞ്ഞവരെ വാഹനങ്ങളുടെ നമ്പർ ശേഖരിച്ചാണ് പിടികൂടിയത്. ഇവർക്കെതിരെ പിഴയടക്കമുള്ള നടപടി സ്വീകരിച്ചെന്ന് ബാലരാമപുരം ഗ്രാമപഞ്ചായത്ത് അധിക‍ൃതർ വ്യക്തമാക്കി. രാത്രി കാലങ്ങളിൽ മാലിന്യം കൊണ്ടിട്ട് പോകുന്നതോടെ തെരുവ് നായ്ക്കളുടെ ശല്യവും മേഖലയിലെ പല പ്രദേശങ്ങളിലും വർദ്ധിച്ചിരുന്നു. ഇതോടെയാണ് നിരീക്ഷണം ശക്തമാക്കിയത്.

Signature-ad

പൊതുനിരത്തുകളിൽ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തുന്നതിനായി ബാലരാമപുരം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ക്യാമറകൾ സ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. പൊലീസിന്റെ സേവനവും ഇത്തരക്കാരെ കണ്ടെത്തുന്നതിനായി ആരംഭിച്ചിട്ടുണ്ട്. നടപടി തുടങ്ങിയതോടെ പല സ്ഥലത്തും മാലിന്യ നിക്ഷേപം കുറഞ്ഞിട്ടുണ്ടെന്നും ബാലരാമപുരം ഗ്രാമപഞ്ചായത്ത് അധിക‍ൃതർ വ്യക്തമാക്കി. ബാലരാമപുരം കച്ചേരിക്കുളത്ത് മാലിന്യം കൊണ്ടിട്ട് ജല സ്രോതസ് നശിപ്പിക്കാൻ ശ്രമിക്കുന്നവരെ കണ്ടെത്തി പഞ്ചായത്ത് നടപടി സ്വീകരിക്കുമെന്നും ഇവർ വിവരിച്ചു. ഇനിയുള്ള ദിവസങ്ങളിലും രാത്രിയും പകലും നിരീക്ഷണം തുടരാനാണ് തീരുമാനം.

Back to top button
error: