തിരുവനന്തപുരം: ടിവി സിരീയൽ താരം ശിൽപയുടെ മരണത്തിൽ വിചാരണ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി. നിസാര വകുപ്പുകൾ മാത്രം ചുമത്തിയ കുറ്റപത്രത്തിന്മേൽ വിചാരണ അനുവദിക്കരുതെന്ന ശിൽപയുടെ അച്ഛന്റെ ഹർജിയിലാണ് കോടതി ഇടപെടൽ. 2015 ജൂലൈയിൽ നടന്ന മരണത്തിൽ ശിൽപയുടെ സുഹൃത്ത് ലിജിനാണ് പ്രതി.
തിരുവനന്തപുരം മരുതംകടവ് പാലത്തിന് സമീപമാണ് ശില്പയെ മരിച്ച നിലയിൽ കാണുന്നത്. കൂട്ടുകാരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ ശില്പയുടെ മൃതദേഹമാണ് പിന്നീട് അർദ്ധ രാത്രയിൽ കുടുംബം കണ്ടത്. പിന്നാലെ ശിൽപയുടെ സുഹൃത്ത് ലിജിനെ പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. ഗുരുതര വകുപ്പുകൾ ചുമത്തി ആദ്യഘട്ടത്തിൽ പൊലീസ് അന്വേഷണം മുന്നോട്ട് പോയെങ്കിലും തുടരന്വേഷണത്തിൽ പ്രധാന വകുപ്പുകൾ ഒഴിവാക്കി, ആത്മഹത്യ പ്രേരണ കുറ്റം മാത്രം ചുമത്തി.
ശേഷം തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പൊലീസ് കുറ്റപത്രം നൽകുകയും ചെയ്തു. വിചാരണ തുടങ്ങാനിരിക്കെ ആണ് അന്വേഷണത്തിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടി ശിൽപയുടെ അച്ഛൻ ഹൈക്കോടതിയെ സമീപിച്ചിത്. തുടർന്നാണ് ഹർജി പരിഗണിച്ച ഹൈകോടതി വിചാരണ നടപടികൾ സ്റ്റേ ചെയ്തത്.
ശില്പ അഭിനയിച്ച സീരിയിൽ ഫോട്ടോഗ്രാഫറായിരുന്നു ലിജിൻ. അടുത്ത സൗഹൃദത്തിലായിരുന്ന ഇരുവരും തമ്മിൽ പിന്നീട് പ്രശ്നങ്ങൾ തുടങ്ങി. മരുതുംകുഴി പാലത്തിൽ ശില്പയെ അവസാനമായി കാണുമ്പോൾ ലിജിൻ ഒപ്പമുണ്ടായിരുന്നുവെന്ന് സുഹൃത്തുക്കൾ മൊഴി നൽകിയിരുന്നു.
മൂന്നു തമിഴ് സിനിമകൾ ഉൾപ്പെടെ ഒരുപിടി ചലച്ചിത്രങ്ങളിലും ഒട്ടേറെ ടിവി പരമ്പരകളിലും വേഷമിട്ട ശിൽപ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായിരുന്നു. ബാലചന്ദ്രമേനോന്റെ പുതിയ സിനിമയിലാണ് അവസാനം അഭിനയിച്ചത്. ചന്ദനമഴ, പ്രണയം, സൗഭാഗ്യവതി, മേഘസന്ദേശം എന്നീ സീരിയലുകളിലും കഥാപാത്രമായി. സന്തോഷ് പണ്ഡിറ്റിന്റെ സിനിമയിലും കുറേ പരസ്യചിത്രങ്ങളിലും അഭിനയിച്ചു.