CrimeNEWS

അണ്ണന് കഞ്ചാവ് കച്ചവടം, തമ്പിക്ക് എംഡിഎംഎ വിൽപ്പന; മണലൂർ സ്വദേശികളായ സഹോദരങ്ങൾ ലഹരിമരുന്നുമായി പിടിയിൽ

തൃശൂർ: വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 10 ഗ്രാം എം ഡി എം എയും 10 കിലോ കഞ്ചാവുമായി മണലൂർ സ്വദേശികളായ സഹോദരങ്ങളെ വാടാനപ്പള്ളി റേഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മണലൂർ രാജീവ് നഗറിൽ താമസിക്കുന്ന പുളിക്കൻ വീട്ടിൽ അജിൽ ജോസും, സഹോദരൻ അജിത് ജോസുമാണ് പിടിയിലായത്. സഹോദരങ്ങളിൽ ഇളയവനായ അജിത്താണ് എം ഡി എം എ വിൽപ്പന നടത്തിയിരുന്നത്. അജിലിന്റെ നേതൃത്വത്തിലാണ് യുവാക്കൾക്കിടയിൽ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നതെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

അതിനിടെ, ആലുവ സൗത്ത് വാഴക്കുളത്ത് 26 ഗ്രാം എം.ഡി.എം.എ യും രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. സൗത്ത് വാഴക്കുളം സ്വദേശി മുഹമ്മദ് അസ്ലാം (23) നെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽ നിന്നുമാണ് മയക്കുമരുന്ന് കണ്ടെടുത്തത്. കാസർകോട് പുലിക്കുന്നിൽ രാസ ലഹരിയുമായി മൂന്ന് യുവാക്കൾ പിടിയിലായി. 12 ഗ്രാം എം ഡി എം എയുമായി ചേരങ്കൈ സ്വദേശി മുഹമ്മദ് സുഹൈൽ (30), പല്ലപ്പാടി സ്വദേശി ഉമറുൽ ഫാറൂഖ് (31), കല്ലക്കട്ട സ്വദേശി അബ്ദുൽ മുനവ്വർ (26) എന്നിവരാണ് കാസർകോട് പൊലീസ് പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിൽ എടുത്തു. ഇന്ന് പുലർച്ചെ മണൽക്കടത്ത് സംഘത്തെ പിടികൂടാനുള്ള പൊലീസ് പരിശോധനയ്ക്കിടെയാണ് കാറിൽ എത്തിയ യുവാക്കൾ പിടിയിലായത്. ഇതിൽ അബ്ദുൽ മുനവ്വർ ലഹരി വിൽപ്പനക്കാരനാണെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ നേരത്തേയും കേസുണ്ട്.

Back to top button
error: