KeralaNEWS

”സുധാകരനെതിരായ പോക്സോ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു; അറസ്റ്റുണ്ടായാല്‍ അത് രാഷ്ട്രീയ വൈരാഗ്യമല്ല”

ന്യൂഡല്‍ഹി: പോക്സോ കേസില്‍ കെ സുധാകരനെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ആരോപണം ഉന്നയിച്ചത് പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ്. അത് സംബന്ധിച്ച കൂടുതല്‍ വിശദീകരണം ഇന്നത്തെ ദേശാഭിമാനിയിലുണ്ട്. കേസില്‍ കെ സുധാകരനെ പോലീസ് അറസ്റ്റ് ചെയ്താല്‍ അത് രാഷ്ട്രീയവൈരാഗ്യം തീര്‍ക്കലല്ലെന്നും ഗോവിന്ദന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

വ്യാജരേഖ ആര് ഉണ്ടാക്കിയാലും കര്‍ശനനടപടി സ്വീകരിക്കും. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും പിന്തുണച്ചതുപോലെ സിപിഎം പിന്തുണയ്ക്കില്ല, കെഎസ്യുക്കാരന്‍ വ്യാജരേഖയുണ്ടാക്കിയതിനെ കുറിച്ച് മാധ്യമങ്ങള്‍ മിണ്ടുന്നില്ല. കെഎസ് യുക്കാരന്‍ ഉണ്ടാക്കിയ വ്യാജ സര്‍ട്ടഫിക്കറ്റിനും പോലും പഴി എസ്എഫ്ഐക്കാണ്. ഇത്തരത്തില്‍ ഇല്ലാക്കഥകള്‍ നിരത്തി എസ്എഫ്ഐയെ ഇല്ലാതാക്കാനുള്ള ഏതുശ്രമത്തെയും പ്രതിരോധിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു.

Signature-ad

വ്യാജരേഖാക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വിദ്യയെ അറസ്റ്റ് ചെയ്യുന്നതില്‍ കാലതാമസം ഉണ്ടായിട്ടില്ല.ഒളിവില്‍ കഴിയാന്‍ വിദ്യയെ പാര്‍ട്ടി സഹായിച്ചിട്ടില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. പ്രിയ വര്‍ഗീസിനെതിരായ വിധി മാധ്യമങ്ങള്‍ക്കെതിരായ വിധിയാണ്. കേരളത്തില്‍ ഒരുതരത്തിലുമുള്ള മാധ്യമവേട്ടയില്ലെന്നും വാര്‍ത്ത വായിച്ചതിനല്ല വാര്‍ത്തയുണ്ടാക്കിയതിനാണ് കേസ് എടുത്തതെന്നും ഗോവിന്ദന്‍ പറഞ്ഞു. കുറ്റം ചെയ്തത്് മാധ്യമപ്രവര്‍ത്തകനായാലും പോലീസ് കേസ് എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Back to top button
error: