പത്തനംതിട്ട:മ്ലാവിനെ വേട്ടയാടിയ കേസില്‍ വനം വകുപ്പ് ചോദ്യം ചെയ്ത് വിട്ടയച്ചയാൾ മരിച്ച നിലയില്‍.
പത്തനംതിട്ട പൂച്ചക്കുളത്താണ് സംഭവം. പൂച്ചക്കുളം സ്വദേശി രാധാകൃഷ്ണൻ (60) ആണ് മരിച്ചത്. തൊഴിലുറപ്പ് തൊഴിലാളിയായ ഇദ്ദേഹത്തെ മ്ലാവിനെ വേട്ടയാടിയതുമായി ബന്ധപ്പെട്ട കേസില്‍ ഇന്നലെ വനം വകുപ്പ് ചോദ്യം ചെയ്തിരുന്നു.തുടർന്നായിരുന്നു രാധാകൃഷ്ണനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
രാധാകൃഷ്ണൻ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭീഷണി മൂലം ആത്മഹത്യ ചെയ്തതാണെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി. രാധാകൃഷ്ണനോട് മ്ലാവിനെ വേട്ടയാടാൻ ഉപയോഗിച്ച തോക്ക് ഹാജരാക്കണം എന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. കേസിന്റെ പേരില്‍ അനാവശ്യമായി പലവട്ടം രാധാകൃഷ്ണനെ ഭീഷണിപ്പെടുത്തിയെന്നും ആക്ഷേപമുണ്ട്.
മ്ലാവിനെ വേട്ടയാടിയ കേസിലെ നാല് പ്രതികളും ഒളിവിലാണ്. നാലാം പ്രതി ഒളിവിലിരിക്കെ നാട്ടുകാരില്‍ ഒരാളെ ഫോണില്‍ വിളിച്ച് തോക്ക് ഒളിപ്പിക്കാൻ പറഞ്ഞിരുന്നുവെന്നും അത് രാധാകൃഷ്ണന്റെ ഫോണിലാണ് വിളിച്ചതെന്നും പറഞ്ഞാണ് രാധാകൃഷ്ണനെ ഫോറസ്റ്റ് ജീവനക്കാര്‍ നിരന്തരം ശല്യം ചെയ്തതെന്നുമാണ് നാട്ടുകാരുടെ പരാതി.