KeralaNEWS

ബോട്ടുകള്‍ കസ്റ്റഡിയിലെടുക്കാൻ മറൈൻ എൻഫോഴ്സ്മെന്‍റ് ശ്രമം;അഞ്ചുതെങ്ങ് തീരത്ത് സംഘര്‍ഷം

ആറ്റിങ്ങല്‍: നിയന്ത്രണം ലംഘിച്ച്‌ മത്സ്യബന്ധനം നടത്തുന്നെന്ന് ആരോപിച്ച്‌ ബോട്ടുകള്‍ കസ്റ്റഡിയിലെടുക്കാൻ മറൈൻ എൻഫോഴ്സ്മെന്‍റ് ശ്രമിച്ചതോടെ അഞ്ചുതെങ്ങ് തീരത്ത് സംഘര്‍ഷം.
മത്സ്യബന്ധനം നടത്തുന്നെന്ന പരാതിയെതുടര്‍ന്ന് മറൈൻ എൻഫോഴ്സ്മെന്‍റ്, ഫിഷറീസ് വകുപ്പുകള്‍ സംയുക്തമായാണ് കടലില്‍ റെയ്ഡ് നടത്തിയത്.
നിയന്ത്രണം ലംഘിച്ചെന്ന് കണ്ടെത്തിയ മൂന്ന് താങ്ങുവല വള്ളങ്ങള്‍ മറൈൻ എൻഫോഴ്സ്മെന്‍റ് പിടിച്ചെടുക്കാൻ ശ്രമിക്കുകയും ഉദ്യോഗസ്ഥര്‍ വള്ളത്തില്‍ കയറുകയും ചെയ്തു. സംഭവമറിഞ്ഞ് കൂടുതല്‍ വള്ളങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ സംഘടിച്ചു. ഇത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
ബോട്ട് പിടിച്ചെടുക്കാനാകില്ലെന്നും തങ്ങള്‍ നിയമം ലംഘിച്ചില്ലെന്നും മത്സ്യത്തൊഴിലാളികൾ വാദിച്ചു.എന്നാല്‍, നിയന്ത്രണം ലംഘിച്ചെന്നും രണ്ടു ലക്ഷം രൂപയോളം പിഴ ഒടുക്കണമെന്നും മറൈൻ എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. ഇതില്‍ പ്രകോപിതരായ തൊഴിലാളികള്‍ സംഘടിച്ച്‌ ഉദ്യോഗസ്ഥ സംഘത്തെ തടഞ്ഞുവെച്ചു. മറൈൻ എൻഫോഴ്സ്മെന്‍റ് ഡിവൈ.എസ്.പി അജിത് കുമാര്‍ ഉള്‍പ്പടെ ഫിഷറീസ്, പൊലീസ് ഉദ്യോഗസ്ഥരെയാണ് ഹാര്‍ബര്‍ ലേലപ്പുരയില്‍ തടഞ്ഞത്.

ഇതിനിടെ 500 ഓളം തൊഴിലാളികള്‍ തീരദേശ പാത ഉപരോധിച്ചു. പ്രതിഷേധം ശക്തമായതോടെ കൂടുതല്‍ പൊലീസ് മുതലപ്പൊഴിയില്‍ എത്തി. കഠിനംകുളം, അഞ്ചുതെങ്ങ്, ചിറയിൻകീഴ്, ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷനുകളില്‍നിന്നുള്ള ഉദ്യോഗസ്ഥരും സ്ട്രൈക്സ് ടീമും സുരക്ഷ ഉറപ്പാക്കി.വിഷയം ചര്‍ച്ചചെയ്യാമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫിഷറീസ്,മറൈൻ ഉദ്യോഗസ്ഥരെ തൊഴിലാളികൾ വിട്ടയച്ചു.

Back to top button
error: