കണ്ണൂര്‍: രണ്ട് പെണ്‍മക്കളുമായി 27 വയസുകാരി നാടുവിട്ടത് കാസര്‍ഗോട് പോലീസ് കാപ്പ ചുമത്തിയ പ്രതിക്കൊപ്പം. യുവതിയെ തലക്കടിച്ച് സ്വര്‍ണ്ണാഭരണം കവര്‍ന്നതടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നീലേശ്വരം കാഞ്ഞിരപൊയില്‍ സ്വദേശി കറുകവളപ്പില്‍ അശോക (33) നൊപ്പമാണ് പ്രവാസിയുടെ ഭാര്യ നാടുവിട്ടത്. ആറും അഞ്ചും വയസുള്ള പെണ്‍മക്കളെയും യുവതിയെയും അശോകനൊപ്പം സേലത്തെ ലോഡ്ജില്‍നിന്ന് ഹൊസ്ദുര്‍ഗ് പോലീസും കണ്ണപുരം പോലീസും സംയുക്തമായി നടത്തിയ തെരച്ചലില്‍ കണ്ടെത്തുകയായിരുന്നു.
ഇക്കഴിഞ്ഞ 15നു രാവിലെയാണ് യുവതിയും മക്കളും വീട്ടില്‍ നിന്നും കാണാതായത്. കണ്ണൂരിലെ ഫാഷന്‍ ഡിസൈനിങ് സ്ഥാപനത്തിലെ യാത്രയയപ്പ് പരിപാടിയുടെ പേരു പറഞ്ഞാണ് യുവതി വീട്ടില്‍നിന്നിറങ്ങിയത്. ചടങ്ങിന് പോകുമ്പോള്‍ യുവതി രണ്ട് മക്കളെയും കൂടെ കൂട്ടിയിരുന്നു. വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവിന്‍െ്‌റ മാതാപിതാക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല.
ഇതിനിടെ യുവതിയുടെ മുറി പരിശോധിച്ചപ്പോഴാണ് എഴുതി വച്ച കത്ത് കണ്ടത്. കത്ത് തുറന്ന് നോക്കിയ വയോധികര്‍ യുവതി ഇഷ്ടപ്പെട്ട ആളിനൊപ്പം പോകുന്നുവെന്ന് എഴുതി വച്ചത് കണ്ടതോടെ ബന്ധുക്കളെ വിവരമറിയിക്കുകയും കണ്ണപുരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഭര്‍തൃപിതാവിന്റെ പരാതിയില്‍ കണ്ണപുരം പോലീസ് കേസെടുത്തു. നവമാധ്യമത്തിലൂടെയാണ് അശോകനെ യുവതി പരിചയപ്പെട്ടത്.
സൗഹൃദം പരിധി വിട്ടപ്പോള്‍ കാമുകനൊപ്പം മക്കളെയും കൂട്ടി യുവതി നാടുവിടുകയായിരുന്നു. മൈസൂര്‍, സേലം തുടങ്ങിയ സ്ഥലങ്ങളില്‍ മാറി താമസിച്ച ഇവര്‍ ഒടുവില്‍ ഹൊസ്ദുര്‍ഗ് പോലീസിന്റെ വലയില്‍പ്പെടുകയായിരുന്നു. അശോകനെ ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെത്തിച്ചു. മോഷണക്കേസില്‍ കാട്ടില്‍ ഒളിവില്‍ക്കഴിയുന്നതിനിടെയാണ് അശോകന്‍ നവമാധ്യമത്തിലൂടെ യുവതിയുമായി അടുക്കുന്നത്.