KeralaNEWS

ഇന്ത്യയിലെ ഏറ്റവും വലിയ പ്ലേ പാര്‍ക്ക് കോഴിക്കോട് കുറ്റ്യാടിയിൽ

കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും വലിയ പ്ലേ പാര്‍ക്ക് കോഴിക്കോട് കുറ്റ്യാടിയിൽ പ്രവര്‍ത്തനമാരംഭിച്ചു.
പത്തേക്കര്‍ സ്ഥലത്താണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്.തിരക്കേറിയ ജീവിതശൈലിയില്‍ നിന്നും ഒരല്പനേരം വിട്ടുനില്‍ക്കാനാഗ്രഹിക്കുന്ന ഏത് പ്രായക്കാര്‍ക്കും പ്രയോജനപ്പെടുന്ന രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന പാര്‍ക്കാണിത്. കുറ്റ്യാടിയുടെ മുഖച്ഛായ മാറ്റാൻ പ്രാപ്തിയുള്ള ഈ പാര്‍ക്ക്, തദ്ദേശവാസികള്‍ക്കായി നിരവധി തൊഴില്‍ സാധ്യതകളും നല്‍കുന്നുണ്ട്.
രണ്ടരലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ ആയിരത്തിലധികം മരങ്ങളും 2.3 ലക്ഷം വൈവിധ്യമാര്‍ന്ന ചെടികളും അരലക്ഷം പൂച്ചെടികളുമാണ് പാര്‍ക്കില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഒപ്പം പതിനായിരം സ്‌ക്വയര്‍ ഫീറ്റില്‍ ഒരു വെര്‍ട്ടിക്കല്‍ ഗാര്‍ഡനും സ്ഥാപിച്ചിട്ടുണ്ട്.
കുട്ടികള്‍ക്ക് ഉല്ലാസത്തോടെ സമയം ചെലവഴിക്കാൻ നാല്പതിലേറെ ഫ്രീസ്റ്റൈല്‍ സ്ലൈഡുകളും ആക്റ്റീവ് പ്ലാനറ്റിലുണ്ട്. കുട്ടികള്‍ക്കൊപ്പമെത്തുന്നവര്‍ക്കായി കലാസാംസ്‌കാരിക വിരുന്നുകളും പാര്‍ക്കില്‍ ഉണ്ടാകും. സായാഹ്നങ്ങളില്‍, പ്രത്യേകിച്ച്‌ വാരാന്ത്യങ്ങളിലെ വൈകുന്നേരങ്ങളില്‍, മികച്ച കലാ, സാംസ്‌കാരിക സംഘങ്ങളുടെ പ്രകടനവും പാര്‍ക്കിനെ സജീവമാക്കും. ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാരെ ഇതിനായി കുറ്റ്യാടിയിലേക്കെത്തിക്കും. കേരളത്തില്‍ നിന്നുള്ള തനത് കലാകാരന്മാരോടൊപ്പം അവര്‍ ആക്റ്റീവ് പ്ലാനറ്റില്‍ പ്രത്യേക പരിപാടികള്‍ അവതരിപ്പിക്കും. വ്യത്യസ്തമായ ഈ കലാവിഷ്കാരങ്ങള്‍ സന്ദര്‍ശകര്‍ക്കും വേറിട്ട അനുഭവമാകും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള രുചി വൈവിധ്യങ്ങള്‍ ഒന്നിക്കുന്ന ഫുഡ്‌ കോര്‍ട്ടിൽ, അന്താരാഷ്ട്ര നിലവാരത്തിലുള്ള ഏത് ഫുഡുകളും ലഭിക്കും.പാർക്കിൽ അഞ്ച് മണിക്കൂര്‍ ചെലവഴിക്കാൻ 300 രൂപ മാത്രം നല്‍കിയാല്‍ മതി. ഉച്ചമുതല്‍ രാത്രി വരെയുള്ള സെഷനുകളില്‍ പങ്കെടുക്കാൻ 400 രൂപ നല്‍കണം. വാരാന്ത്യങ്ങളില്‍ രാവിലെയുള്ള സെഷന് 350 രൂപയും പിന്നീടങ്ങോട്ട് 450 രൂപയുമാണ് നിരക്ക്.
മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സൗജന്യപ്രവേശനവും പ്രത്യേക ഇളവുകളും നല്‍കും. രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്.പ്രമുഖ വ്യവസായിയായ നിസാര്‍ അബ്ദുള്ളയാണ് പാര്‍ക്കിന്റെ സ്ഥാപകൻ. ഫോര്‍ബ്‌സ് മിഡില്‍ ഈസ്റ്റിന്റെ 2018 ലെ നെക്സ്റ്റ് ജനറേഷൻ ലീഡേഴ്‌സ് പട്ടികയിലുള്‍പ്പെട്ടയാളാണ് ഇദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: