കണ്ണൂര്‍: ഐ.ടി പ്രൊഫഷനലായ നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചത് ഭര്‍ത്താവിന്റെ പീഡനം കാരണമാണെന്ന ഗുരുതര ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. യുവതിയുടെ പിതാവ് പിണറായി പടന്നക്കരയിലെ സൗപര്‍ണികയില്‍ ടി മനോഹരന്‍ മുഖ്യമന്ത്രിക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കി. സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി.
കഴിഞ്ഞ ജൂണ്‍ പതിനൊന്നിനാണ് പരാതിക്കാരനായ മനോഹരന്റെ മകള്‍ മേഘ(28)യെ ഭര്‍ത്താവ് കതിരൂര്‍ അയ്യപ്പ മഠത്തിനടുത്തുളള മാധവി നിലയത്തിലെ സചിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ മുറിവേറ്റ പാടുകളുണ്ടായിരുന്നു. കണ്ണൂരില്‍ ഭര്‍തൃസഹോദരിയുടെ ജന്മദിന ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോയി തിരിച്ച് ഭര്‍തൃവീട്ടിലെത്തിയപ്പോഴാണ് സംഭവം.
മേഘയുടെ വീട്ടുകാര്‍ക്ക് ഇഷ്ടമില്ലാതെയാണ് 2023 ഏപ്രില്‍ രണ്ടിന് ഇവരുടെ വിവാഹം നടന്നത്. നാല്‍പത്തിയഞ്ച് പവനിലേറെ ആഭരണങ്ങൾ മേഘയ്ക്കുണ്ടായിരുന്നു. വിവാഹം കഴിഞ്ഞതിനു ശേഷം സംശയരോഗത്താല്‍ സചിന്‍ മേഘയെ ശാരീരികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നത്.
ഇതുസംബന്ധിച്ച് വനിതാ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. നേരത്തെ മേഘയുടെ മരണത്തില്‍ കതിരൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തില്‍ ഐ.ടി പ്രൊഫഷനലായിരുന്ന മേഘയും കതിരൂരിലെ ഒരു ജിംനേഷ്യത്തില്‍ ഇന്‍സ്ട്രക്ടറായി ജോലി ചെയ്തിരുന്ന സചിനും കതിരൂര്‍ നാലാം മൈലില്‍ സചിന്റെ അമ്മയോടൊപ്പമായിരുന്നു താമസം.
മേഘയുടെ വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്നാണ് ഇവരുടെ വിവാഹം നടന്നത്. മേഘയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചത്. എന്നാല്‍ വിവാഹജീവിതത്തിന്റെ ആദ്യനാൾ മുതല്‍ ഇവരുടെ ബന്ധത്തില്‍ അഭിപ്രായഭിന്നതകള്‍ ഉടലെടുത്തു തുടങ്ങി എന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം.