ഇന്ത്യയിൽ എല്ലായിടത്തും കാണപ്പെടുന്ന ഒരു ചെടിയാണ് തുളസി.ആയുർവേദ ചികിത്സയിൽ പ്രധാന സ്ഥാനമുള്ള തുളസി രണ്ടു തരത്തിലുണ്ട്.പച്ചനിറത്തിലുള്ള തുളസിയെ രാമ തുളസി അല്ലെങ്കിൽ ലക്ഷ്മി തുളസിയെന്നും ചാര നിറത്തിലുള്ള തുളസിയെ കൃഷ്ണ തുളസിയെന്നുമെന്നാണ് പറയുന്നത്.
ബാക്ടീരിയ, ചർമ്മരോഗങ്ങൾ എന്നിവയെ പ്രതിരോധിക്കുവാനും പ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാനുമാണ് ആയുർവേദത്തിൽ തുളസി ഉപയോഗിക്കുന്നത്.
ചുമ, തൊണ്ടവേദന, ഉദരരോഗങ്ങൾ, ത്വക്ക് രോഗങ്ങൾ എന്നിവയ്‌ക്കുള്ള ഔഷധമായി തുളസി ഉപയോഗിക്കുന്നു.തുളസിയില ഉണക്കി പൊടിച്ച് നാസിക ചൂർണമായി ഉപയോഗിച്ചാൽ മൂക്കടപ്പ്, ജലദോഷം എന്നിവ ഇല്ലാതാവും.തുളസിനീരും അതേ അളവിൽ തേനും കൂടി ചേർത്ത് കഴിച്ചാൽ വസൂരിക്ക് ശമനം ഉണ്ടാകും. തുളസിനീരിൽ കുരുമുളക് പൊടി ചേർത്ത് കഴിച്ചാൽ ജ്വരം ഇല്ലാതാകും. തുളസി ഇട്ടു തിളപ്പിച്ചാറിയ വെള്ളം കണ്ണിലൊഴിച്ചാൽ ചെങ്കണ്ണ് മാറും. മുഖക്കുരു മാറുവാനായി തുളസിയിലയും പാടകിഴങ്ങും ചേർത്ത് അരച്ച് മുഖത്ത് പുരട്ടിയാൽ മതി. തുളസി നീരും പച്ച മഞ്ഞളും ചേർത്ത് പുരട്ടുന്നത് ചിലന്തി വിഷബാധയ്‌ക്ക് ശമനം ഉണ്ടാകാൻ കാരണമാകുന്നു. തുളസിയിലനീര് രാവിലെയും വൈകീട്ടും കുടിക്കുന്നത് മഞ്ഞപ്പിത്തം, മലേറിയ, വയറുകടി എന്നീ രോഗങ്ങൾ ഇല്ലാതിരിക്കാൻ സഹായിക്കും.
തുളസിയിൽ അടങ്ങിയിരിക്കുന്ന ഒലിയോനോലിക് ആസിഡ്, ഉർസോലിക് ആസിഡ്, റോസമരിനിക് ആസിഡ്, യൂഗെനോൽ തുടങ്ങീ ഘടകങ്ങൾ ആണ് തുളസിക്ക് ഇത്രയധികം ഗുണങ്ങൾ ഉണ്ടാവാൻ കാരണം.
പനി, ജലദോഷം മുതലായവക്കുള്ള ഒരു പ്രകൃതിദത്ത ഔഷധമാണ് തുളസി.മുറ്റത്തു നിൽക്കുന്ന തുളസിയെ മറന്ന് മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് തുളസി ചേർത്ത മരുന്ന് വാങ്ങി കഴിക്കുന്നവരാണ് നമ്മൾ.തൊണ്ടയടപ്പിന് തുളസിയിട്ടു കാച്ചുന്ന വെള്ളത്തോളം മികച്ച ഒരു മരുന്നും ഒരു മെഡിക്കൽ സ്റ്റോറുകളിലും ലഭിക്കില്ല.മരുന്നുകളുടെ പാർശ്വഫലങ്ങൾ ശരീരത്തിലേക്ക് വലിച്ചുകയറ്റാതെ മൂക്കടപ്പിനും ജലദോഷത്തിനും കഫക്കെട്ടിനും തുലസിയിലയിട്ട് ആവിപിടിക്കുക.പ്രമേഹമുള്ളവർ ദിവസവും തുളസിയില കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഗുണം ചെയ്യും.
കൊതുക് കാരണം ഉണ്ടാകുന്ന അസുഖങ്ങൾ ചെറുതല്ല. ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലമ്പനി, മലേറിയ എന്നു വേണ്ട ഒട്ടുമിക്ക അസുഖങ്ങളും പരത്തുന്നത് കൊതുകുകളാണ്. കൊതുകിനെ അകറ്റാൻ പണ്ട് പലരും ഉപയോഗിച്ചിരുന്നത് തുളസിയായിരുന്നു.വീടിന്റെ പരിസരത്ത് തുളസി ചെടികള്‍ നട്ടു പിടിപ്പിച്ചാല്‍ മതി. കൊതുകു ശല്യത്തില്‍ നിന്നും ഒരു പരിധിവരെ രക്ഷ നേടാം.കൂടാതെ ഇതിന്റെ ഇലകൾ ഉണക്കി പുകയ്ക്കുന്നതും കൊതുകിനെ അകറ്റാനുള്ള ഉത്തമമാർഗ്ഗങ്ങളിൽ ഒന്നാണ്.തുളസി നീര് അൽപം വെള്ളത്തിൽ ചേർത്ത് വീട്ടിലും മുറ്റത്തും തളിക്കുന്നതും കൊതുകിനെ അകറ്റാൻ നല്ലതാണ്.