കാലവർഷം
#ഏബ്രഹാം വറുഗീസ്
ചെടിച്ച ചാരനിറമായിരുന്നു ആകാശത്തിന്.കാലവർഷ മേഘങ്ങളുടെ വരവാണോ അത്? ഇന്നെങ്കിലും പെയ്യുമോ മഴ..?
നെറ്റിക്കുമീതെ കൈപ്പടം വച്ച് അയാൾ ആകാശത്തേക്ക് നോക്കി.മഴക്കാറ് ഉരുണ്ടുകൂടുമ്പോഴേക്കും അതിനെ കൊത്തിക്കൊണ്ട് പായുന്ന കാറ്റ് !
“കാലവർഷം തകർത്തുപെയ്യേണ്ട സമയമാണ്..”അയാൾ ആരോടെന്നില്ലാതെ പിറുപിറുത്തു.
പണ്ടൊക്കെ സ്കൂൾ തുറക്കുമ്പോൾ ആദ്യം ഹാജർ വച്ചിരുന്നത് മഴയായിരുന്നു.ഇതിപ്പോൾ ജൂൺ കഴിയാറായി എന്നിട്ടും..!
ചന്നംപിന്നം പെയ്യുന്ന മഴയത്ത് പരസ്പരം മഴവെള്ളം ചവിട്ടിത്തെറുപ്പിച്ച് കൂട്ടുകാരോടൊത്തുള്ള സ്കൂൾ യാത്രകൾ അയാളുടെ മനസ്സിൽ മിന്നിമറഞ്ഞു.സ്കൂളിന്റെ അരഭിത്തിക്കപ്പുറം മഴയുടെ കിറുക്കൻ ചേഷ്ടകൾ നോക്കിയിരിക്കവേ,തുടപ്പുറത്തു വന്നുവീണിരിക്കുന്ന അടികൾ..! കാതുകളിൽ നൂപുരസ്വരങ്ങൾ കിലുക്കുന്ന രാത്രിമഴകൾ..!!
“വന്നുവന്നിപ്പോൾ..!” അയാൾക്ക് ആരോടെന്നില്ലാതെ ദേഷ്യം വരുന്നുണ്ടായിരുന്നു.
മഴക്കാലത്ത് നാട്ടിൽ വരണമെന്നാഗ്രഹിച്ചപ്പോഴൊന്നും ലീവ് കിട്ടിയില്ല.ലീവ് കിട്ടി വരുമ്പോഴാകട്ടെ മഴയുമില്ലായിരുന്നു.ഇതിപ്പോൾ ജൂണിൽ തന്നെ ലീവ് ഒരുവിധം ഒപ്പിച്ചെടുത്തു വന്നപ്പോൾ…
“എന്താ തനിച്ചു നിന്ന് ഒരാലോചന?”
ശബ്ദം കേട്ട് അയാൾ മുഖം തിരിച്ച് നോക്കി.ഭാര്യയാണ്.
“ലീവ് ക്യാൻസൽ ചെയ്ത് തിരിച്ചങ്ങു പോയാലോന്ന് ആലോചിക്കുകയായിരുന്നു.”
“ദെന്താപ്പൊ,ഇങ്ങനെ തോന്നാൻ?
“അല്ല,ജൂണിൽതന്നെ ലീവെടുത്ത് വന്നിട്ടും മഴ..”
“ഒരു മഴഭ്രാന്തൻ..! പൊയ്ക്കോ ഇന്നുതന്നെ പൊയ്ക്കോ..!!”
പറഞ്ഞിട്ട് ചവിട്ടിക്കുലുക്കി വീടിനുള്ളിലേക്ക് കയറിപ്പോയ ഭാര്യയുടെ പിന്നാലെ അയാളും വീടിനുള്ളിലേക്ക് കയറി.പിന്നെ മഴക്കാറ് താണുതൂങ്ങിയ ആ മുഖത്തിനു നേരെ തന്റെ മുഖമടുപ്പിച്ചു; പെയ്തൊഴിയാൻ കാത്തിരുന്ന മറ്റൊരു മഴയുടെ വെമ്പലോടെ..
☔