KeralaNEWS

പോലീസിന്റെ ഇടപെടല്‍ മൂലം മുടങ്ങിപ്പോയ അഖിലിന്റെയും ആല്‍ഫിയയുടെയും വിവാഹം നാളെ നടക്കും

കോവളം:പോലീസിന്റെ ഇടപെടല്‍ മൂലം മുടങ്ങിപ്പോയ അഖിലിന്റെയും ആല്‍ഫിയയുടെയും വിവാഹം നാളെ നടക്കും.
ഇന്നലെ കോവളത്തെ വിവാഹ വേദിയില്‍ നിന്ന് ബലമായി പോലീസ് വധുവിനെ പിടിച്ചുകൊണ്ടുപോയതോടെ കല്യാണം മുടങ്ങുകയായിരുന്നു.തുടർന്ന് മജിസ്ട്രേറ്റിന്റെ ഇടപെടൽ മൂലമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.
കായംകുളം സ്വദേശിയായ ആല്‍ഫിയയും, തിരുവനന്തപുരം കോവളം കെ.എസ്.റോഡ് സ്വദേശി അഖിലുമായി ഒരുവര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. സമൂഹമാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട് സൗഹൃദം പിന്നീട് പ്രണയമായി വളരുകയായിരുന്നു.

ഒരുവര്‍ഷത്തോളമായി തുടര്‍ന്ന പ്രണയം അറിഞ്ഞതോടെ ആല്‍ഫിയയുടെ വീട്ടില്‍ പ്രശ്നങ്ങളായി. തുടര്‍ന്ന് ആല്‍ഫിയയുടെ ആവശ്യപ്രകാരമാണ് അഖില്‍ കായംകുളത്തെത്തി ആല്‍ഫിയയെ കൂട്ടി തിരുവനന്തപുരത്തേക്ക് പോയത്.കഴിഞ്ഞ 16ന് ആയിരുന്നു സംഭവം.തുടർന്ന് വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടത്തി.

 

Signature-ad

എന്നാൽ അഖിലിനൊപ്പം ആൽഫിയ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതോടെ രക്ഷിതാക്കള്‍ പോലീസിന് പരാതി നല്‍കി.അന്നുതന്നെ തന്നെ പോലീസിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടന്നതാണെന്നും അഖിലിനൊപ്പം ജീവിക്കാനാണ് താത്പര്യമെന്നും അറിയിച്ചതാണെന്നും ആല്‍ഫിയ പറയുന്നു. അവിടെവെച്ച്‌ തീരുമാനത്തില്‍ ഉറച്ചുനിന്നതോടെ പരാതി തീര്‍പ്പാക്കിയതാണ്.

 

എന്നാല്‍ ഇന്നലെ കല്യാണത്തിന് തൊട്ടുമുൻപ്  ആല്‍ഫിയയെ വിവാഹ വേദിയില്‍ നിന്ന് കായംകുളത്തുനിന്നെത്തിയ പോലീസ് ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു. ആല്‍ഫിയയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി. 

 

കോവളത്തുനിന്ന് പോലീസ് ബലം പ്രയോഗിച്ച്‌ ആല്‍ഫിയയെ കാറില്‍ കയറ്റുന്നത് സമൂഹമാധ്യമങ്ങളില്‍ വലിയതോതില്‍ പ്രചരിച്ചിരുന്നു. കോവളത്തുനിന്ന് നേരെ കായംകുളത്തെ വീട്ടിലേക്കാണ് ആൽഫിയയെ കൊണ്ടുപോയത്.ഇതോടെ അഖിലിന്റെ വീട്ടുകാർ കോവളം പോലീസിൽ പരാതിയുമായെത്തി.തുടർന്ന് മജിസ്ട്രേറ്റിന്റെ വീട്ടിൽ ആല്‍ഫിയയെ ഹാജരാക്കുകയായിരുന്നു. അതിനിടെ അഖിലും കായംകുളത്തെത്തി. അഖിലിനൊപ്പം പോകാനാണ് താത്പര്യമെന്ന് ആല്‍ഫിയ അറിയിച്ചതോടെ കോടതി കേസ് തീര്‍പ്പാക്കുകയായിരുന്നു.

Back to top button
error: