എഡ്ജ്ബാസ്റ്റണ്: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് 281 റണ്‍സ് വിജയലക്ഷ്യം. എഡ്ജ്ബാസ്റ്റണില് ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് 273 റണ്‍സിന് അവസാനിച്ചു. നാല് വിക്കറ്റ് നേടിയ നതാന്‍ ലിയോണും പാറ്റ് കമ്മിന്‍സ് എന്നിവരാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ജോ റൂട്ട് (46), ഹാരി ബ്രൂക്ക് (46), ബെന്‍ സ്റ്റോക്സ് (43) എന്നിവരാണ് ഇംഗ്ലണ്ട് നിരയില്‍ തിളങ്ങിയത്. ഒരു സെഷനും ഒരു ദിവസവും മുന്നില്‍ നില്‍ക്കെ ഓസീസിന് ജയിക്കാനുള്ള അവസരമുണ്ട്.
ഇംഗ്ലീഷ് ഓപ്പണര്‍മാരായ ബെന്‍ ഡക്കറ്റ് (7), സാക് ക്രൗളി (19) എന്നിവരെ ഇന്നലെ തന്നെ നഷ്ടമായിരുന്നു. ഇന്ന് ഒല്ലി പോപാണ് (14) ആദ്യം മടങ്ങുന്നത്. കമ്മിന്‍സിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. പിന്നാലെ ക്രീസില്‍ ഒത്തുചേര്‍ന്ന ബ്രൂക്ക് – റൂട്ട് സഖ്യം മനോഹരമായി ടീമിനെ മുന്നോട്ട് നയിച്ചു. ഇരുവരും 52 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ റൂട്ടിനെ പുറത്താക്കി നതാന്‍ ലിയോണ്‍ ഓസീസിന് ബ്രേക്ക് ത്രൂ നല്കി. വൈകാതെ ബ്രൂക്കിനേയും ലിയോണ്‍ മടക്കി. പിന്നീടെത്തിയവരില്‍ സ്റ്റോക്സ് മാത്രമാണ് അല്പമെങ്കിലും ചെറുത്ത് നിന്നത്.
ജോണി ബെയര്‍സ്റ്റോ (20), മൊയീന്‍ അലി (19) എന്നിവര്‍ നിരാശപ്പെടുത്തി. ഒല്ലി റോബിന്‍സണ്‍ (27), ജെയിംസ് ആന്ഡേഴ്സണ് (12), സ്റ്റുവര്‍ട്് ബ്രോഡ് (10) എന്നിവരുടെ ഇന്നിംഗ്സി ഇല്ലായിരുന്നെങ്കി ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് ഇതിലും പരിതാപകരമായേനെ.
ആദ്യ ഇന്നിംഗ്സില്‍ ഓസീസ് ഏഴ് റണ്‍സിന്റെ നേരിയ ലീഡ് വഴങ്ങിയിരുന്നു. ഇംഗ്ലണ്ടിന്റെ 393 പിന്തുടര്‍ന്ന ഓസീസ് 116.1 ഓവറില്‍ 386 എന്ന സ്കോറില്‍ എല്ലാവരും പുറത്തായി. ഉസ്മാന് ഖവാജയുടെ (141) സെഞ്ചുറിയാണ് ഓസീസിന് തുണയായത്. ട്രാവിഡ് ഹെഡും (50), അലക്സ് ക്യാരിയും(66) അര്‍ധസെഞ്ചുറികള്‍ നേടി. ഇംഗ്ലണ്ടിനായി ഓലീ റോബിന്‍സണും സ്റ്റുവര്‍ട്ട് ബ്രോഡും മൂന്ന് വീതവും മൊയീന്‍ അലി രണ്ടും ബെന്‍ സ്റ്റോക്സും ജയിംസ് ആന്‍ഡേഴ്സനും ഓരോ വിക്കറ്റും വീഴ്ത്തി.
നേരത്തെ, ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സ് ഒന്നാം ദിനം മൂന്നാം സെഷന് പൂര്‍ത്തിയാകും മുമ്പ് 78 ഓവറില്‍ 393-8 എന്ന നിലയില്‍ ഡിക്ലെയര്‍ ചെയ്തിരുന്നു. സെഞ്ചുറി നേടിയ ജോ റൂട്ടാണ്(118) ടോപ് സ്കോറര്‍. സാക്ക് ക്രൗലിയും(61), ജോണി ബെയ്ര്‍സ്റ്റോയും(78) അര്‍ധസെഞ്ചുറികള്‍ നേടി. ഓസീസിനായി നഥാന്‍ ലിയോണ്‍ നാലും ജോഷ് ഹേസല്‍വുഡ് രണ്ടും വിക്കറ്റ് വീഴ്ത്തി.