അങ്കമാലിയിലെ വീട്ടുമുറ്റത്ത് ഈന്തപ്പനത്തോട്ടം ഒരുക്കിയതിന്റെ സന്തോഷത്തിലാണ് പ്രവാസിയായ അനൂപ് ഗോപാലൻ.
മുറ്റത്തെ പനകളിൽ നിറയെ തുടുത്തുപഴുത്ത മഞ്ഞനിറത്തിലുള്ള ഈന്തപ്പഴക്കുലകള്‍ തൂങ്ങിക്കിടക്കുന്നത് മണലാരണ്യത്തെ ഓര്‍മപ്പെടുത്തുന്ന കാഴ്ചയാവുകയാണ്.
അങ്കമാലി വേങ്ങൂര്‍ സ്വദേശിയായ അനൂപ് ഗോപാല്‍ 10വര്‍ഷമായി ഒമാനില്‍ ഓയില്‍ ആൻഡ് ഗ്യാസ് കമ്ബനിയിലാണ് ജോലിചെയ്യുന്നത്. ഈന്തപ്പനത്തോട്ടങ്ങള്‍ വലയംചെയ്ത ഗള്‍ഫില്‍ ചുറ്റി സഞ്ചരിക്കുമ്ബോള്‍ മനസ്സില്‍ നാമ്ബിട്ട സ്വപ്നമായിരുന്നു തനിക്കും സ്വന്തമാക്കണമെന്ന മോഹം. അറബിനാട്ടില്‍ വളരുന്ന ഈന്തപ്പന നാട്ടില്‍ വേരുപിടിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. എങ്കിലും മൂന്നുവര്‍ഷം മുമ്ബ് വേങ്ങൂരില്‍ വാങ്ങിയ സ്ഥലത്ത് വീട് നിര്‍മിച്ചപ്പോള്‍ രാജസ്ഥാനില്‍നിന്ന് മുന്തിയ ഇനത്തില്‍പ്പെട്ട അഞ്ച് ഈന്തപ്പനത്തൈകള്‍ വാങ്ങി വീട്ടുമുറ്റത്ത് നട്ടുപിടിപ്പിക്കുകയായിരുന്നു.
നട്ടുപിടിപ്പിച്ച ഈന്തപ്പനകള്‍ക്കാവശ്യമായ പരിചരണം മുടങ്ങാതെ നല്‍കി. ഭാര്യ അശ്വതിയും മറ്റു കുടുംബാംഗങ്ങളുമാണ് പരിചാരകര്‍. അതിനിടെയാണ് കഴിഞ്ഞവര്‍ഷം മുതല്‍ രണ്ട് ഈന്തപ്പനകള്‍ കായ്ക്കാൻ തുടങ്ങിയത്.
ഈവര്‍ഷം കൂടുതല്‍ കായ്ച്ചു. അധികം വൈകാതെ പഴുക്കുകയും ചെയ്തു. ഇപ്പോള്‍ അനൂപിന്‍റെ ‘ആദിദേവം’ എന്ന വീടിന്‍റെ മുറ്റത്തെ ഈന്തപ്പനകള്‍ കൗതുകക്കാഴ്ചയായി മാറിയിരിക്കുകയുമാണ്. അങ്കമാലിയിലെ ഈന്തപ്പനത്തോട്ടം കാണാൻ നിരവധിയാളുകളാണ് വീട്ടിലേക്കെത്തുന്നത്.