തിരുവനന്തപുരം:സൗദി അറേബ്യയില്‍ ദുല്‍ഹജ് മാസപ്പിറവി ദൃശ്യമായി. ഇതോടെ ബലി പെരുന്നാൾ(ഈദുല്‍ അദ് ഹ) ഈ മാസം 28നും ഹജിലെ പ്രധാന ചടങ്ങായ അറഫാ ദിനം 27നും ആയിരിക്കും.
ഒമാനില്‍ ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതായി ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. ഇതുപ്രകാരം ബലിപ്പെരുന്നാൾ ജൂണ്‍ 28 ബുധനാഴ്ച ആയിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
അറബി മാസം ദുല്‍ഹജ് പത്തിനാണ് ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്.ഹജ്ജിലെ പ്രധാന ചടങ്ങായ അറഫാ സംഗമം ദുൽഹജ്ജ് മാസത്തിലെ ഒമ്പതാം ദിവസമാണ് നടക്കുന്നത്.വലിയ പെരുന്നാളോടെയാണ് ഹജ്ജ് കർമ്മത്തിന് പരിസമാപ്തിയാകുന്നത്.
അതേസമയം കേരളത്തില്‍ ബലിപെരുന്നാള്‍ ജൂണ്‍ 29നാകുമെന്ന് മുസ്ലിം പണ്ഡിതന്മാര് അറിയിച്ചു. ദുല്‍ഖഅദ് മാസം 29ന് ഞായറാഴ്ചയായിരുന്നു.മാസപ്പിറവി നിരീക്ഷിക്കുന്നതിന് എല്ലാ സംവിധാനങ്ങളും ഒരുക്കിയെങ്കിലും ദൃശ്യമായില്ല. തിങ്കളാഴ്ച ദുല്‍ഖഅദ് 30 ആയിരിക്കുമെന്നും ദുല്‍ഹജ്ജ് മാസം ഒന്ന് ചൊവ്വാഴ്ചയാകുമെന്നും പാളയം ഇമാം ഡോ. സുഹൈബ് മൗലവി, ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉല ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവര്‍ അറിയിച്ചു.
ദുല്‍ഹജ്ജ് 10നാണ് പെരുന്നാള്‍ ആഘോഷം. ഇതുപ്രകാരം ജൂണ്‍ 29 വ്യാഴാഴ്ചയാകും കേരളത്തില്‍ ആഘോഷം.