കുവൈറ്റ് സിറ്റി: വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതായി ആരോപിച്ച് പത്ത് പ്രവാസികള്‍ കുവൈറ്റില്‍ പിടിയില്‍. വിവിധ രാജ്യക്കാരെയാണ് മഹ്ബുലയില്‍ നടന്ന പരിശോധനയ്ക്കിടയില്‍ അധികൃതര്‍ പിടികൂടിയത് എന്നാണ് വിവരം. ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴില്‍ രാജ്യത്തുടനീളം നടന്നുവരുന്ന പരിശോധനയുടെ ഭാഗമായാണ് ഇവര്‍ പിടിയിലായത്.
നിയമലംഘകരായ വിദേശികളെ കണ്ടെത്താനായാണ് പ്രധാനമായും പരിശോധന പുരോഗമിക്കുന്നത്. പിടിയിലായവരുടെ വിശദ വിവരങ്ങള്‍ ഇത് വരെ പുറത്തുവിട്ടിട്ടില്ല. ഇവരെ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
അതേസമയം, ഗുരുതരമായ കുറ്റം ചെയ്തതിനെ തുടര്‍ന്ന് പ്രവേശനവിലക്കുള്ള വിദേശിയെ അനധികൃതമായി കുവൈറ്റിലേക്ക് കടക്കാന്‍ ശ്രമിക്കവെ പിടികൂടിയിരുന്നു. കഴിഞ്ഞ ആഴ്ച കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. കുറ്റവാളിയായ ഇയാളെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അധികൃതര്‍ നാടുകടത്തിയിരുന്നു. എന്നാല്‍ പേര് മാറ്റി വീണ്ടും കുവൈറ്റിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് ഇയാള്‍ക്ക് പിടിവീണത്. എയര്‍പോര്‍ട്ടിലെ ബയോമെട്രിക് സംവിധാനത്തിന്റെ മികവിലാണ് ഇയാള്‍ പിടിക്കപ്പെട്ടത്. പിടിയിലായയാളെ അയാളുടെ മാതൃരാജ്യത്തേക്ക് തന്നെ തിരികെയയച്ചതായി സ്ഥലത്തെ മാധ്യമമായ അല്‍ റായി റിപ്പോര്‍ട്ട് ചെയ്യുന്നു.