തൊടുപുഴ: രാത്രി നമസ്‌കാര സമയത്ത് സെന്‍ട്രല്‍ ജുമാമസ്ജിദില്‍ എത്തിയ യുവാവ് പണവും മൊബൈല്‍ ഫോണുമടക്കം മോഷ്ടിച്ച് കടന്നു. അസിസ്റ്റന്റ് ഇമാമിന്റെ പണവും മൊബൈല്‍ ഫോണും പ്രാര്‍ത്ഥനയ്ക്കെത്തിയ യുവാവിന്റെ ബാഗുമാണ് മോഷണം പോയത്.
ഇടുക്കി റോഡില്‍ സ്ഥിതി ചെയ്യുന്ന മുസ്ലിംപള്ളിയിലെ അസിസ്റ്റന്റ് ഇമാം ഹാഫിസ് അബ്ദുല്‍ റഹിമിന്റെ മുറിയില്‍ നിന്നാണ് 18,500 രൂപയും ഫോണും നഷ്ടമായത്. വ്യാഴാഴ്ച രാത്രി 8.15ന് ഇഷാ നമസ്‌കാരസമയത്തായിരുന്നു സംഭവം. മുകള്‍ നിലയിലുള്ള മുറിയില്‍ കടന്നാണ് മോഷ്ടാവ് കൃത്യം നടത്തിയത്. തുടര്‍ന്ന് താഴെയെത്തി പ്രാര്‍ത്ഥനയ്‌ക്കെത്തിയ മൊബൈല്‍ ഷോപ്പ് ഉടമയായ അമീന്റെ ബാഗും കവര്‍ന്നു. പ്രതിയുടെ ദൃശ്യങ്ങള്‍ സി.സി.ടി.വി.യില്‍ പതിഞ്ഞിട്ടുണ്ട്. മസ്ജിദ് പരിപാലന സമിതി തൊടുപുഴ പോലീസില്‍ പരാതി നല്‍കി. പുനലൂരില്‍ സമാനമായ രീതിയില്‍ മോഷണം നടത്തിയയാളാണ് ഇവിടെയും കവര്‍ച്ച നടത്തിയതെന്നാണ് നിഗമനം.