ഇംഫാല്‍: സംഘര്‍ഷത്തിനു ശമനമില്ലാത്ത മണിപ്പുരില്‍ അക്രമികള്‍ പോലീസ് വേഷത്തിലും വരാമെന്ന് കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പ്. മണിപ്പുരിലെ ക്വാത, കഗ്‌വൈ പ്രദേശങ്ങളില്‍ ഇന്നലെ രാത്രി മുതല്‍ തുടങ്ങിയ വെടിവയ്പ് രാവിലെ വരെ നീണ്ടു. ആളുകള്‍ തടിച്ചുകൂടുകയും ആക്രമണത്തിനുള്ള ശ്രമങ്ങളുണ്ടായതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സൈന്യം, അസം റൈഫിള്‍സ്, ദ്രുതകര്‍മ സേന, സംസ്ഥാന പോലീസ് എന്നിവര്‍ സംയുക്തമായി ഇന്നലെ അര്‍ധരാത്രി വരെ ഇംഫാലില്‍ ഫ്‌ലാഗ് മാര്‍ച്ച് നടത്തി. ഇംഫാല്‍ ഈസ്റ്റില്‍ റബര്‍ ബുള്ളറ്റ് ഉപയോഗിച്ചു ദ്രുതകര്‍മ സേന വെടിവച്ചു. ചുരാചന്ദ്പൂരിലും ബിഷ്ണുപൂരിലും വെടിവയ്പും സ്‌ഫോടനവും നടന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്റെ വീട് ആക്രമിക്കാനും ശ്രമമുണ്ടായി.
അഡ്വാന്‍സ്ഡ് ആശുപത്രിക്കു സമീപം പാലസ് ഏരിയയില്‍ തീവയ്പ്പ് ശ്രമം നടന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആയിരത്തോളം പേര്‍ സ്ഥലത്തു തടിച്ചുകൂടുകയും തീവയ്ക്കാന്‍ ശ്രമിച്ചതായുമാണു വിവരം. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാനായി ദ്രുതകര്‍മ സേന കണ്ണീര്‍വാതകവും റബര്‍ ബുള്ളറ്റും പ്രയോഗിച്ചു. രണ്ടുപേര്‍ക്കു പരുക്കുണ്ട്.